ആശുപത്രി അപ്പോയിന്റ്മെന്റിനായി ഗൂഗിളില്‍ തിരയുകയാണോ? കാത്തിരിക്കുന്നത് വന്‍ സൈബര്‍ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റിനും കോണ്‍ടാക്ട് വിവരങ്ങള്‍ക്കുമായി ഗൂഗിളില്‍ തിരയുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. വ്യാജ എ.പി.കെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ വാട്സ്ആപ്പ് വഴി ‘ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റ് ബുക്കിംഗ്’ എന്ന പേരിലോ സമാനമായ പേരുകളിലോ ഉള്ള വ്യാജ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ ഫയലുകള്‍ അയച്ചുനല്‍കും.

ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോണിലെ രഹസ്യവിവരങ്ങള്‍, ഒ.ടി.പി, യു.പി.ഐ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. തുടര്‍ന്ന് ഉപയോക്താവിന്റെ അറിവില്ലാതെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്താനും സാധ്യതയുണ്ട്. ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ യു.പി.ഐ ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാം. ഉപയോക്താവ് അറിയാതെ മറ്റ് പേയ്മെന്റ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാനും സാധ്യതയുണ്ട്.

പ്രത്യേകിച്ച് യു.പി.ഐ ലൈറ്റ് സജീവമാക്കിയിട്ടുള്ള ഫോണുകളില്‍ പരിധിക്കുള്ളിലെ ചെറിയ തുകകളുടെ ഇടപാടുകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും പ്രത്യേക ഒ.ടി.പി ആവശ്യമായി വരണമെന്നില്ല. അതിനാല്‍ 1,000 രൂപയില്‍ താഴെയുള്ള ചെറിയ തുകകളുടെ തുടര്‍ച്ചയായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ‘ചെറിയ തുകയല്ലേ’ എന്ന് കരുതി അവഗണിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കുന്ന ഫോണ്‍ നമ്പറുകള്‍ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ സ്ഥിരീകരിച്ച ശേഷം മാത്രം ബന്ധപ്പെടുക.

അപ്പോയിന്റ്മെന്റ് ബുക്കിംഗ്, കെ.വൈ.സി, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വാട്സ്ആപ്പ് വഴി ലഭിക്കുന്ന എപികെ ഫയലുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വസനീയമായ ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യണം. അപരിചിതമായ ആപ്പുകള്‍ക്ക് എസ്.എം.എസ്, നോട്ടിഫിക്കേഷന്‍, കോണ്‍ടാക്ട്‌സ്, ഫോണ്‍ തുടങ്ങിയ അനുമതികള്‍ നല്‍കാതിരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. വ്യാജ എപികെ ഇന്‍സ്റ്റാള്‍ ചെയ്തതായി സംശയം തോന്നിയാല്‍ ഉടന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുക. തുടര്‍ന്ന് ബാങ്കുമായോ യു.പി.ഐ സേവനദാതാവുമായോ ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാക്കണം.

സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലൂടെ പരാതി നല്‍കുകയോ ചെയ്യണമെന്നും പോലീസ് അറിയിച്ചു.

Share