വാഴവറ്റയിലെ വീട്ടില്‍ 22 ക്യാമറകള്‍, ഡിവിആര്‍ മാറ്റിയ നിലയില്‍; തെളിവ് നശിപ്പിച്ചതെന്ന് എക്‌സൈസിന് സംശയം

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൂര്‍ണമായും മായ്ച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തി എക്‌സൈസ്. വീടിന് ചുറ്റുമുണ്ടായിരുന്ന 22 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ തന്നെ മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിവിആര്‍ മാറ്റിയതെന്നാണ് എക്‌സൈസിന്റെ സംശയം.

തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന വിവരം എക്‌സൈസ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. പരിധിയില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചെന്ന കേസിലാണ് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി കോടതി ഇയാളെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും എക്‌സൈസിന് അനുമതി നല്‍കിയിരുന്നു. കേസില്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

അതേസമയം, ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിക്കുന്ന നിലപാടാണ് ആന്റോ അഗസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായത്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നും മറ്റൊരാള്‍ ലേലത്തില്‍ വാങ്ങിയതാണെന്നുമാണ് ഇയാളുടെ വാദം. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചതായാണ് വിവരം. കേസില്‍ മദ്യം വീട്ടില്‍ എത്തിച്ചതും സൂക്ഷിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി എക്‌സൈസ് അന്വേഷണം തുടരുകയാണ്.

Share