സൂര്യപേട്ട്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ ഉണ്ടായ ദാരുണ റോഡപകടത്തിൽ പ്രശസ്ത ന്യൂറോ സർജൻ ഡോ. കെ. ജഗദീഷ് ബാബു മരിച്ചു. ഖമ്മം സ്വദേശിയായ ഡോക്ടർ സഞ്ചരിച്ചിരുന്ന വോൾവോ കാർ പിള്ളമാരിക്കടുത്ത് NH-365BB-യിൽ റോഡ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ കാറിന് തീപിടിക്കുകയും ഡോക്ടർ വാഹനത്തിനുള്ളിൽ കുടുങ്ങി മരിക്കുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ 7.15ഓടെയാണ് അപകടം. ഖമ്മത്ത് നിന്ന് കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ജഗദീഷ് ബാബുവിന്റെ കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഖമ്മം റൂറൽ സർക്കിൾ ഇൻസ്പെക്ടർ ജി. രാജശേഖർ പറയുന്നതനുസരിച്ച്, പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറക്കം തുത്തൂങ്ങിയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡ് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെയാണ് തീപിടിച്ചത്.
കൂട്ടിയിടിച്ച ഉടൻ തന്നെ വാഹനത്തിൽ തീ പടർന്നതായും ഏതാനും മിനിറ്റുകൾക്കുള്ളിൽ കാർ പൂർണമായും കത്തിനശിച്ചതായും പോലീസ് അറിയിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡോക്ടർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു.
അപകടവിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധനയും അന്വേഷണവും ആരംഭിച്ചു. തീപിടിത്തത്തിൽ മൃതദേഹം ഗുരുതരമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ മരിച്ചയാളെ തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടായി. പിന്നീട് നടത്തിയ പരിശോധനകളിലൂടെയാണ് മരിച്ചത് ഡോ. കെ. ജഗദീഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്ന ജഗദീഷ് ബാബു ഖമ്മത്ത് ഒരു ആശുപത്രിയിലും ന്യൂറോ സർജനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.