ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റ ഗൗരവ് ചത്തു. ചികിത്സയിലിരിക്കെയാണ് പത്ത് വയസുകാരനായ ഗൗരവിന്റെ അന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ചീറ്റ ചത്തതെന്ന് ചീറ്റ പ്രോജക്ടിന്റെ ഫീൽഡ് ഡയറക്ടർ അറിയിച്ചു.
സെപ്റ്റംബർ 12നാണ് ഗൗരവിനെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. ദുർബലനും മന്ദഗതിയിലുമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ ഗൗരവ് ഗുരുതരമായ ശാരീരിക ദൗർബല്യത്തിലാണെന്നും ശരീരത്തിലെ പേശികൾക്ക് പ്രകടമായ ക്ഷയം സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. കൂടാതെ ഗുരുതരമായ നിർജലീകരണവും കണ്ടെത്തിയിരുന്നു.
തുടർന്ന് അടിയന്തരമായി ആവശ്യമായ ചികിത്സയും സഹായക പരിചരണവും നൽകി. പിന്നീട് ഗൗരവിനെ പാൽപൂരിലേക്ക് മാറ്റി ക്വാറന്റൈൻ ബോമയിൽ (QB) നിരീക്ഷണത്തിനും തുടർചികിത്സയ്‌ക്കുമായി പാർപ്പിച്ചു.
പ്രാഥമിക ക്ലിനിക്കൽ പരിശോധനയിൽ ഗൗരവിന് നീണ്ടുനിന്ന ഏതെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായിരിക്കാമെന്ന സംശയമുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. തുടർച്ചയായ ചികിത്സയും സഹായക പരിചരണവും നൽകിയെങ്കിലും ആരോഗ്യനില ക്രമേണ വഷളായി. ഒടുവിൽ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഗൗരവ് ചത്തു.
ഗൗരവിന്റെ മരണത്തിന്റെ കൃത്യമായ കാരണം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനയും ശേഖരിച്ച സാമ്പിളുകളുടെ വിശകലനവും പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ചീറ്റ പ്രോജക്ട് അധികൃതർ അറിയിച്ചു. പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.
ഗൗരവിന്റെ മരണത്തോടെ കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ എണ്ണം 51 ആയി. ഇതിൽ 36 എണ്ണം ഇന്ത്യയിൽ ജനിച്ച ചീറ്റകളാണ്. നിലവിൽ 51 ചീറ്റകളിൽ 16 എണ്ണം കുനോയിലെ വനമേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ട്.
അതേസമയം, മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലെ നാല് ചീറ്റകളെയും കൂടി ഉൾപ്പെടുത്തിയാൽ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 55 ആണെന്ന് അധികൃതർ അറിയിച്ചു.