വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭയുടെ രണ്ട് ദിവസത്തെ ‘ചിന്തൻ ശിവിർ’ ഇന്ന് ആരംഭിക്കും. സെപ്റ്റംബർ 23, 24 തീയതികളിലാണ് ന്യൂഡൽഹിയിൽ യോഗം നടക്കുന്നത്.

വിവിധ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും നടപ്പാക്കിവരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം പുതിയ പരിഷ്കാരങ്ങൾ, ആശയങ്ങൾ, മുൻഗണനകൾ എന്നിവ സംബന്ധിച്ചും യോഗത്തിൽ വിശദമായ ചർച്ച നടക്കും. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള ദീർഘകാല റോഡ്‌മാപ്പിന് കൂടുതൽ വ്യക്തത നൽകുകയാണ് പ്രധാന ലക്ഷ്യം.

ഭരണപരിഷ്കാരങ്ങൾ, ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ, വിവിധ മേഖലകളിലെ പരാതികൾ കുറയ്‌ക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാകും. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രസർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇത്തരം ചിന്തൻ ശിവിറുകൾക്ക് പ്രധാന പങ്കാണുള്ളത്.

2021 മുതലാണ് വികസിത ഭാരതം 2047 എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനായി പത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള Sectoral Groups of Secretaries രൂപീകരിച്ചിരുന്നു. 2047ലെ ഇന്ത്യയുടെ വികസന ദിശ സംബന്ധിച്ച ‘Vision@2047’ രേഖയും ഹ്രസ്വ, ദീർഘകാല റോഡ്‌മാപ്പുകളും തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

വികസിത് ഭാരതിലേക്ക് ‘സപ്തധാര’; പ്രധാനമന്ത്രിയുടെ ഏഴ് മുൻഗണനകൾ
2026ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സപ്തധാര’ എന്ന പേരിൽ വികസിത ഭാരതിലേക്കുള്ള ഏഴ് പ്രധാന മേഖലകൾ ചൂണ്ടിക്കാട്ടിയിരുന്നു.

നിർമാണം: ഉൽപ്പന്നങ്ങളുടെ സമ്പൂർണ നിർമാണത്തിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കൃഷിയും ഭക്ഷ്യസുരക്ഷയും: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കൃഷിക്കും ഭക്ഷ്യസുരക്ഷയ്‌ക്കും നിർണായക സ്ഥാനമാണ് നൽകുന്നത്.

സാങ്കേതികവിദ്യയും നവീകരണവും: ഡാറ്റാ സെന്ററുകൾ, റോബോട്ടിക്സ്, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഗതി ശക്തി: റോഡ്, ഹൈവേ, എക്സ്പ്രസ് വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും വികസനത്തിന് ഊന്നൽ നൽകും.

രക്ഷാ ശക്തി: പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുകയും ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുകയും ചെയ്യുക.

ഹരിത ഊർജം: ഭാവിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.

സോഫ്റ്റ് പവർ: യോഗ, കരകൗശല ഉൽപ്പന്നങ്ങൾ, സിനിമ, ആനിമേഷൻ, ഗെയിമിംഗ്, ഡിജിറ്റൽ ഉള്ളടക്കം തുടങ്ങിയ മേഖലകളിലൂടെ ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം ആഗോളതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക.

 

Share