തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: എം.സി. റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചിലേക്ക് തേങ്ങ തെറിച്ചുവീണ് യുവാവ് മരിച്ചു. പുളിമാത്ത് താളിക്കുഴി വാലുപച്ച കൃഷ്ണകൃപയിൽ സൈജു (47) ആണ് മരിച്ചത്.

പ്ലംബിങ് തൊഴിലാളിയായ സൈജു വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആറ്റിങ്ങലിൽ ജോലിക്ക് പോകുന്നതിനായി വീട്ടിൽനിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

പൊരുന്തമൺ എം.ജി.എം. സ്കൂളിന് സമീപം എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തേങ്ങ സൈജുവിന്റെ നെഞ്ചിലേക്ക് തെറിച്ചുവീണത്. റോഡരികിലെ പുരയിടത്തിലെ തെങ്ങിൽനിന്ന് അടർന്നുവീണ തേങ്ങ സമീപത്തെ മതിലിൽ ഇടിച്ചശേഷം റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന സൈജുവിന്റെ നെഞ്ചിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

തേങ്ങ നെഞ്ചിൽ പതിച്ചതോടെ സൈജു ബൈക്ക് നിർത്തി. തുടർന്ന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൈജുവിന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് നടക്കും.

ചിറയിൻകീഴിലെ സ്വകാര്യ ലാബിൽ ജീവനക്കാരിയായ ആതിരയാണ് ഭാര്യ. മകൾ ഐശ്വര്യ. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.

Share