വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: പാടത്ത് പണിക്കായി പോയ വയോധികനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദൻ (75) ആണ് മരിച്ചത്. സൂര്യാതപമേറ്റതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള റംല എന്ന പ്രദേശവാസിയുടെ വയലിൽ ചന്ദൻ പണിയെടുക്കാനായി പോയത്. ഷർട്ട് ധരിക്കാതെയാണ് ചന്ദൻ വയലിൽ ജോലി ചെയ്തിരുന്നത്. നെഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റതുപോലെ തൊലി ഉരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

വൈകിട്ട് നാലരയോടെ ചന്ദനെ കൂട്ടിക്കൊണ്ടുവരാനായി മകൻ വിഷ്ണുദാസ് ബൈക്കിൽ വയലിലെത്തിയപ്പോഴാണ് പാടത്ത് മണ്ണെടുത്ത ഭാഗത്ത് ചന്ദനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും.

സൂര്യാതപമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

ചന്ദന്റെ ഭാര്യ ദേവകി. മകൻ വിഷ്ണുദാസ്, മരുമകൾ ശോഭിത.

Share