ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: പരീക്ഷാഫലം തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകളുടെയും സ്റ്റുഡന്റ്സ് യൂണിയന്റെയും പ്രതിഷേധം. 175 വിദ്യാർത്ഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല തടഞ്ഞുവെച്ചിരിക്കുന്നത്.

ഹോസ്റ്റൽ ഫീസ് ഉൾപ്പെടെയുള്ള കുടിശ്ശിക അടച്ചിട്ടില്ലെന്ന കാരണത്താലാണ് ഫലം തടഞ്ഞുവെച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഫീസ് അടയ്‌ക്കാതെ രണ്ടാം വർഷ രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സർവകലാശാലയെന്നും വിദ്യാർത്ഥികൾ പറയുന്നു.

2025 ബാച്ചിലെ ഫീസ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയിൽ നിലനിൽക്കുന്നതിനിടെ ഫീസ് ഏകപക്ഷീയമായി വർധിപ്പിക്കാനുള്ള നീക്കമാണ് സർവകലാശാല നടത്തുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഫീസ് സംബന്ധിച്ച തർക്കം പരിഹരിക്കണമെന്നും പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Share