കൊച്ചി: കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള ജീവൻരക്ഷാ പേറ്റന്റ് മരുന്നുകൾ അമിതവില കാരണം സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് നിർണായക അധികാരമുണ്ടെന്ന് ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് പ്രകാരം പേറ്റന്റുള്ള മരുന്നുകൾ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ സർക്കാർ തന്നെ ഉത്പാദിപ്പിച്ച് അർഹരായ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
ജീവൻരക്ഷാ മരുന്നുകളുടെ അമിതവില കാരണം രോഗികൾക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഏതൊക്കെ പേറ്റന്റ് മരുന്നുകളാണ് ഉയർന്ന വില കാരണം സാധാരണക്കാർക്ക് വാങ്ങാൻ കഴിയാത്തതെന്ന് സംബന്ധിച്ച കൃത്യമായ രാജ്യവ്യാപക വിവരങ്ങളും കണക്കുകളും കേന്ദ്ര സർക്കാർ ശേഖരിക്കണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിച്ച് മരുന്നുകൾ ഉത്പാദിപ്പിക്കണമോ എന്നതിൽ ഉചിതമായ നയപരമായ തീരുമാനം കേന്ദ്ര സർക്കാരിന് സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
ഭരണഘടനയുടെ 21, 47 വകുപ്പുകൾ പ്രകാരം പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സർക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അമിതവില കാരണം ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ പോകുന്നത് ഈ അവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
റൈബോസിക്ലിബിന് പകരം വിലകുറഞ്ഞ മരുന്നുകളെന്ന വാദം തള്ളി
സ്തനാർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന റൈബോസിക്ലിബ് പോലുള്ള മരുന്നുകൾക്ക് പകരം വില കുറഞ്ഞ മറ്റ് മരുന്നുകൾ ഉപയോഗിക്കാമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് പഠിച്ച വിദഗ്ധ സമിതികളുടെയും കാൻസർ സെന്ററുകളുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഈ വാദം തള്ളിയത്.
ഹർജിയിലെ എതിർകക്ഷികളായ എലി ലില്ലി, നോവാർട്ടിസ് തുടങ്ങിയ മരുന്ന് കമ്പനികൾ പേറ്റന്റ് നിയമപ്രകാരമുള്ള തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്. നിരവധി പരാജയപ്പെട്ട പരീക്ഷണങ്ങൾക്കും വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കും ശേഷമാണ് റൈബോസിക്ലിബ് പോലുള്ള മരുന്നുകൾ വികസിപ്പിച്ചെടുത്തതെന്നും അതിനായി വൻതോതിൽ മനുഷ്യവിഭവശേഷിയും സാമ്പത്തിക നിക്ഷേപവും നടത്തിയിട്ടുണ്ടെന്നും കമ്പനികൾ കോടതിയെ അറിയിച്ചു.
എന്നാൽ ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് താങ്ങാനാകാത്ത വിലയിൽ മാത്രമേ ലഭ്യമാകൂ എന്ന സാഹചര്യം പൊതുതാൽപര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
‘സുകൃതം’ സിനിമയിലെ രംഗവും കോടതി പരാമർശിച്ചു
കാൻസർ ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ച് എം.ടി. വാസുദേവൻ നായരുടെ രചനയിൽ പുറത്തിറങ്ങിയ ‘സുകൃതം’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സംഭാഷണങ്ങളും ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചു.
കാൻസർ രോഗികളും അവരുടെ ബന്ധുക്കളും ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം പണയംവെച്ച് കടക്കെണിയിലാകുന്ന അവസ്ഥ സിനിമയിൽ അവതരിപ്പിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സാങ്കേതികവിദ്യ വളരെയേറെ പുരോഗമിച്ചിട്ടും രോഗികളുടെ ദുരിതത്തിന് കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നത് സങ്കടകരമാണെന്നും കോടതി നിരീക്ഷിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു.
സ്തനാർബുദ ബാധിതയായ ഒരു ബാങ്ക് പെൻഷനർ പേറ്റന്റ് മരുന്നായ റൈബോസിക്ലിബ് ഉൾപ്പെടെയുള്ള മരുന്നുകളുടെ അമിതവില ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരി മരണപ്പെട്ടെങ്കിലും വിഷയം പൊതുതാൽപര്യമുള്ളതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി സ്വമേധയാ കേസ് നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ജീവൻരക്ഷാ മരുന്നുകളുടെ വിലയും അവ സാധാരണക്കാർക്ക് ലഭ്യമാക്കാനുള്ള സർക്കാരിന്റെ ഉത്തരവാദിത്തവും സംബന്ധിച്ച സുപ്രധാന നിരീക്ഷണങ്ങളാണ് ഇതിലൂടെ കോടതി മുന്നോട്ടുവച്ചത്.