മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അക്ഷയ്.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് സംഭവം.
വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ ഉപയോഗിച്ചിരുന്ന തുറന്ന ലിഫ്റ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ അക്ഷയ് കൃഷ്ണന് ഗുരുതരമായി പരിക്കേറ്റു.
സംഭവം അറിഞ്ഞയുടൻ അക്ഷയ്‌യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തിവരികയാണ്.