പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയ്‌ക്കിടെ തിരുവനന്തപുരത്ത് വീണ്ടും ഇടിമിന്നൽ. പൊന്മുടിയിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരന് ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ക്കാണ് പരിക്കേറ്റത്.

പൊന്മുടിയിലെ പാർക്കിംഗ് സ്ഥലത്ത് വച്ചാണ് ശ്രീകുമാരൻ നായർക്ക് മിന്നലേറ്റത്. ഇടിമിന്നലേറ്റതിനെ തുടർന്ന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, തലസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

ഇടിമിന്നലിൽ രണ്ട് പേർ ചികിത്സയിൽ

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലേറ്റ് രണ്ടുപേർ ചികിത്സയിൽ കഴിയുന്നതായാണ് വിവരം. മലയോര മേഖലകളിൽ മഴയും ഇടിമിന്നലും ശക്തമായ സാഹചര്യത്തിൽ അനാവശ്യ യാത്രകളും തുറസ്സായ സ്ഥലങ്ങളിലെ സഞ്ചാരവും ഒഴിവാക്കണമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.

കുന്നത്തുകാലിലും ഇടിമിന്നൽ അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്.

തലസ്ഥാന ജില്ലയിൽ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് മരച്ചുവട്ടിലും തുറസ്സായ സ്ഥലങ്ങളിലും നിൽക്കുന്നത് ഒഴിവാക്കാനും വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മണിക്കൂറുകളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.

Share