തിരുവനന്തപുരം: ഭൂമിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കിനൽകാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലർ അജിനെതിരെ പരാതി. പേയാട് സ്വദേശിയായ സഞ്ജുവാണ് കൗൺസിലർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഫോൺ സംഭാഷണവും ജനം ടി വി പുറത്ത് വിട്ടു. സംഭവത്തിൽ മേയർ, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയതായും സഞ്ജു വ്യക്തമാക്കി.
തൃക്കണ്ണാപുരം എംഎൽഎ റോഡിന് സമീപമുള്ള 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി വിൽക്കുന്നതിനിടെയാണ് കൗൺസിലർ ഇടപെട്ടതെന്നാണ് സഞ്ജുവിന്റെ ആരോപണം. ഭൂമിയിൽ പുറമ്പോക്കുണ്ടെന്നും അത് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും തരംമാറ്റി വിൽക്കാനും സഹായിക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നാണ് പരാതി.
പണം നൽകാത്തപക്ഷം സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് ഭൂമിയിൽ കൊടികുത്തിക്കുമെന്നും കൗൺസിലർ പറഞ്ഞതായി സഞ്ജു ആരോപിക്കുന്നു. ഭൂമിയിലൂടെയുള്ള തോടും ഓടയും ചൂണ്ടിക്കാട്ടി പോലീസിനെയും വില്ലേജ് ഓഫീസറെയും ഉപയോഗിച്ച് പണി തടയുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
‘രണ്ട് മൂന്ന് ദിവസത്തിനകം മൂന്ന് ലക്ഷം വേണം’
കൗൺസിലറുമായി നടത്തിയ സംഭാഷണം ഫോൺ വീഡിയോയിൽ പകർത്തിയതായി സഞ്ജു പറഞ്ഞു. 10 ലക്ഷം രൂപ നൽകണമെന്ന ആവശ്യവും പിന്നീട് അഞ്ച് ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒഴിവാക്കാമെന്ന നിർദേശവും സംഭാഷണത്തിലുണ്ടെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്.
രണ്ട് മൂന്ന് ദിവസത്തിനകം മൂന്ന് ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക പിന്നീട് നൽകാമെന്നും പറയുന്ന ഭാഗവും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് രാഷ്‌ട്രീയ പാർട്ടികൾ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നൽകിയതായി സഞ്ജു ആരോപിക്കുന്നു.
അതേസമയം, ഭൂമിക്ക് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് സഞ്ജുവിന്റെ വാദം. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷമാണ് ഭൂമിയുടെ പോക്കുവരവ് പൂർത്തിയായതെന്നും അദ്ദേഹം പറയുന്നു.
ആരോപണം നിഷേധിച്ച് കൗൺസിലർ
അതേസമയം, പരാതിക്കാരനുമായി തനിക്ക് യാതൊരു പണമിടപാടുമില്ലെന്ന് കൗൺസിലർ അജിൻ പ്രതികരിച്ചു. പുറമ്പോക്ക് സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഏകദേശം ഒമ്പത് സെന്റ് സ്ഥലം അധികമായി എടുത്തിട്ടുണ്ടെന്നുമാണ് അജിന്റെ വാദം.
ഇതിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമായാണ് ഏകദേശം ആറുമാസം പഴക്കമുള്ള വീഡിയോ ഇപ്പോൾ പുറത്തുവിട്ടതെന്നും അജിൻ ആരോപിച്ചു. തന്നെ കുടുക്കാനുള്ള ‘മണ്ണുമാഫിയയുടെ ശ്രമമാണ്’ ഇതിന് പിന്നിലെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പരിസ്ഥിതിക്ക് കോട്ടംവരുന്ന ഒരു കാര്യത്തിലും താൻ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അജിൻ പറഞ്ഞു.
സംഭവത്തിൽ ഭൂവുടമ പോലീസിനും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.