തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഗൂഢാലോചന നടത്തി മന്ത്രി ഒ.ജെ. ജനീഷിനെ മന്ത്രിസ്ഥാനത്തുനിന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് പരാതി നൽകി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഗവർണറെ കണ്ടത്. .
മന്ത്രി ജനീഷ് നഗ്നമായ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടത്തിയതെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിത് ഷായുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയത് മന്ത്രി തന്നെയാണെന്ന് ജനീഷ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ക്രിമിനൽ കുറ്റം നടക്കാൻ പോകുന്നുവെന്ന് അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിക്കാതിരുന്നത് മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി മന്ത്രി പറഞ്ഞിട്ടുണ്ട്. അതിനാൽ ക്രിമിനൽ ഗൂഢാലോചനയിൽ മന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞാൽ മന്ത്രി പൊലീസിനെ വിവരം അറിയിക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നും കൃഷ്ണദാസ് പറഞ്ഞു.