‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: ഫ്ളൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ സ്മിത് മച്ചാര്‍ പ്രകടിപ്പിച്ച ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും ഷെയ്ഖ് ഹംദാന്‍ പ്രശംസിച്ചു. ‘മനുഷ്യജീവന്റെ സംരക്ഷണത്തോടുള്ള ഉത്തരവാദിത്തവും കരുതലും പ്രകടിപ്പിച്ച സ്മിത് മച്ചാറിന്റെ ധൈര്യത്തെ യുഎഇ നേതൃത്വത്തിന്റെ പൂര്‍ണമായ അഭിനന്ദനവും പ്രശംസയും അറിയിക്കുന്നു’ എന്ന് ഷെയ്ഖ് ഹംദാന്‍ എക്സില്‍ കുറിച്ചു. യുഎഇയുടെ ഭാഗമായും രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ഭാഗമായും സ്മിത് മച്ചാറിനെ കാണുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ 30ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ളൈദുബൈയുടെ FZ1073 വിമാനത്തിലാണ് സംഭവം. യുഎഇ അധികൃതരുടെ വിശദീകരണമനുസരിച്ച് കോക്പിറ്റിലുണ്ടായിരുന്ന ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ആക്രമണം തടയുകയും വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

യുഎഇ അധികൃതര്‍ സംഭവത്തെ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കൃത്യമായ ഉദ്ദേശ്യവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മിത് മച്ചാറുമായി സംസാരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലിനെ മോദി അഭിനന്ദിച്ചു. നിലവില്‍ യുഎഇയില്‍ ചികിത്സയില്‍ കഴിയുന്ന സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Share