മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി:  വണ്ണപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

പ്രതികളിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സൂക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. അറസ്റ്റിലായ റാഫി മുണ്ടുകുന്നേൽ വണ്ണപ്പുറം പഞ്ചായത്ത് 16-ാം വാർഡംഗം ഷെമീറയുടെ ഭർത്താവാണ്. റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

കേസിൽ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും പ്രതികൾക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.

Share