പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കൂടുതൽ വിപുലമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. നേരത്തെ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ്ങിന് ലഭ്യമായിരുന്നത്.
ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയായിരുന്നു ഭക്തർക്ക് അനുവദിച്ചിരുന്നത്. ദേവസ്വം ബോർഡിന്റെ എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്.
ശബരി ഗസ്റ്റ് ഹൗസിലും ഓൺലൈൻ ബുക്കിങ്
നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലെ 10 മുറികളും ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. ഇതോടെ സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് മുൻകൂട്ടി താമസസൗകര്യം ഉറപ്പാക്കാനുള്ള അവസരം കൂടുതൽ വിപുലമാകും.
മുറികൾ ബുക്ക് ചെയ്യുന്നതിനായി www.onlinetdb.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
തുലാമാസ പൂജയ്‌ക്കുള്ള ബുക്കിങ് ബുധനാഴ്ച രാവിലെ 7ന്
തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിങ് ബുധനാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കും. ശബരിമലയിൽ താമസസൗകര്യം ആവശ്യമായ ഭക്തർക്ക് ഓൺലൈനായി ബുക്കിങ് നടത്താം.
ബുക്കിങ് സമയത്ത് വെബ്സൈറ്റിലെ തിരക്ക് കാരണം ഇടപാട് പൂർത്തിയാകാതെ വരികയും ഇതിനിടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകുകയും ചെയ്താൽ രേഖകൾ സഹിതം പരാതി നൽകാം. ഇതിനായി onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഓൺലൈൻ സേവനം വിപുലപ്പെടുത്തുന്നതിലൂടെ സന്നിധാനത്തെ താമസസൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.