ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

വാൽപ്പാറ: വാൽപ്പാറയ്‌ക്ക് സമീപം പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിന്റെ നോർത്ത് ഡിവിഷൻ സൂപ്പർവൈസറായ മോസസിനാണ് പരിക്കേറ്റത്.

‘റോട്ടിക്കട’ മേഖലയിലുള്ള ബന്ധുവിനെ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് മോസസിനെ കരടി ആക്രമിച്ചത്. കുറുക്കുവഴിയിലൂടെ പോകുന്നതിനിടെ പ്രദേശത്ത് പതിയിരുന്ന കരടി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോസസിന്റെ ബഹളം കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റ മോസസിനെ 108 ആംബുലൻസിൽ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തുടർചികിത്സയ്‌ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പച്ചമല എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി കരടിയുടെ സാന്നിധ്യവും ആക്രമണവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളും പ്രദേശവാസികളും ആശങ്കയിലാണ്.

കുറുക്കുവഴികളിലൂടെയും ജനവാസ മേഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കരടിയുടെ സാന്നിധ്യം സംബന്ധിച്ച് വനംവകുപ്പ് കൂടുതൽ പരിശോധന നടത്തിവരികയാണ്.

Share