കണ്ണൂർ: പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പെരുമ്പാപ്പുഴയിൽ കണ്ടെത്തി. കോറോം കാനായി മുക്കൂട് സ്വദേശിനിയും പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയുമായ ശ്രുതി(24) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്‌സ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് ഇറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിങ് കേന്ദ്രത്തിൽ അമ്മായിക്കൊപ്പമെത്തിയതായിരുന്നു ശ്രുതി. സംസാരിച്ചുകൊണ്ടിരിക്കെ യുവതി പെട്ടെന്ന് അവിടെനിന്ന് ഇറങ്ങി സ്കൂട്ടറുമായി പോവുകയായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെ ശ്രുതിയുടെ സ്കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തുനിന്ന് ചെരുപ്പും ലഭിച്ചതോടെ യുവതി പുഴയിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ തിരച്ചിൽ വ്യാപിപ്പിച്ചു.
പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും സ്‌കൂബാ സംഘവും തിങ്കളാഴ്ച രാത്രി മുതൽ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച രാവിലെ 11.15ഓടെ ചിറ്റാരിക്കൊവ്വൽ റോട്ടറി ക്ലബ് റോഡിലെ തണൽ ഇക്കോ പാർക്കിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യുവതി കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയതിന്റെ കാരണവും പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാനായി മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകളാണ് ശ്രുതി. സഹോദരി ശ്രീലക്ഷ്മി.