കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടനയ്‌ക്ക് ബന്ധമുണ്ടെന്ന സൂചന. അറസ്റ്റിലായ കുന്നത്തുനാട് സ്വദേശി എബിൻ ബി. പോളിന്റെ മൊബൈൽ ഫോണിൽനിന്ന് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. കേന്ദ്ര ഏജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

തിങ്കളാഴ്ച പുലർച്ചെ 2.40നായിരുന്നു സംഭവം. നീല നിറമുള്ള കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും തുടർന്ന് മാറിനിന്നു തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു.   ഭീകരർക്ക് തത്സമയം കാണാനാകുന്ന വിധത്തിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയെന്നും സംശയമുണ്ട്. ബോസ് നൽകിയ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും നിർദേശം നൽകിയ വ്യക്തിയെ നേരിട്ട് കണ്ടിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ  മൊഴി.

ജൂതപ്പള്ളിയിലെ ആക്രമണം വിജയിച്ചാൽ ഉത്തർപ്രദേശ്, ഡൽഹി, മുംബൈ, അമൃത്‌സർ എന്നിവിടങ്ങളിലും എബിനെക്കൊണ്ട് സ്ഫോടനങ്ങൾ നടത്തിക്കാൻ ഭീകരസംഘടന പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് ‘ബോസ്’ അയച്ച സന്ദേശം എബിന്റെ മൊബൈൽ ഫോണിൽനിന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. ടെലഗ്രാം, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ജൂതപ്പള്ളിയിൽ ‘ഫയർ ഇൻസിഡന്റ്’ നടത്താൻ നിർദേശം ലഭിച്ചതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു.

വിശദമായ ചോദ്യം ചെയ്യലിലാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആക്രമണത്തിന് മുമ്പ് മൂവാറ്റുപുഴയിലെ ഒരു കടയിൽ പ്രതി ഇതിന്റെ റിഹേഴ്സൽ നടത്തിയെന്നും ദൃശ്യങ്ങൾ പകർത്തി ഭീകരസംഘടനയ്‌ക്ക് കൈമാറിയെന്നും വിവരമുണ്ട്.

ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടിയ അളവിൽ രാസലഹരിയും പിടിച്ചെടുത്തു. സിനഗോഗ് ആക്രമണത്തിൽ എറണാകുളം സെൻട്രൽ പൊലീസും ലഹരി മരുന്ന് പിടികൂടിയതിൽ പുത്തൻകുരിശ് പൊലീസും കേസെടുത്തു.

.

Share
Published by
ജനം വെബ്‌ഡെസ്ക്