എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് അർഹമായ അംഗീകാരം നൽകുന്നതിൽ സമൂഹം പരാജയപ്പെട്ടത് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു. ടി ദാസ്. എഴുത്തച്ഛനെ ചരിത്രത്തിൽനിന്ന് തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ശരിയായ ചരിത്രരേഖകളുടെയും ജീവചരിത്രങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേസരി ഭവനിൽ നവരാത്രി സർഗോത്സവത്തിന്റെ മൂന്നാം ദിനത്തിൽ നടന്ന സർഗസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളഭാഷയുടെ സാംസ്കാരിക പൈതൃകവും തുഞ്ചത്തെഴുത്തച്ഛന്റെ സംഭാവനകളും ചർച്ചയായ വേദിയിൽ, എഴുത്തച്ഛന്റെ ചരിത്രപരമായ പ്രാധാന്യം ചോദ്യം ചെയ്യുന്ന വാദങ്ങൾക്കെതിരെ ശങ്കൂട്ടി ദാസ്  ശക്തമായാണ് പ്രതികരിച്ചത്. എഴുത്തച്ഛൻ ജീവിച്ചിരുന്ന വ്യക്തിയല്ലെന്നും മലയാളഭാഷയുടെ പിതൃത്വം മിഷണറിമാർക്കാണെന്നുമുള്ള വാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ചരിത്രത്തെ ആധികാരിക സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്ത്യൻ മിഷണറിമാരുടെയും ഹെർമൻ ഗുണ്ടർട്ടിന്റെയും സംഭാവനകൾ മലയാളഭാഷയുടെ പ്രചാരണത്തിലും അച്ചടിയുടെ വളർച്ചയിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന വാദങ്ങൾക്കൊപ്പം, എഴുത്തച്ഛന്റെ ചരിത്രപരമായ സ്ഥാനവും സംഭാവനകളും വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള പഠനം രാഷ്‌ട്രീയ പ്രവർത്തനം മാത്രമല്ല, സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ധാർമികമായ പ്രതിരോധം കൂടിയാണെന്നും ശങ്കൂട്ടി ദാസ് പറഞ്ഞു.

 

Share