കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളി ആക്രമണക്കേസിലെ പ്രതി നിരവധി തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളിൽ അംഗമാണെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ. ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നെന്നും മൂവാറ്റുപുഴയിലെ കാർ ഷോറൂമിന് തീയിട്ടത് ഇയാളാണെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
ആക്രമണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ഡിസിപി സമ്മതിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഫോർട്ട് കൊച്ചി കോഡർ ഹൗസിലുണ്ടായ തീപിടിത്തവും അന്വേഷിക്കുമെന്ന് ഡിസിപി വ്യക്തമാക്കി.
പ്രതിക്ക് ടെലഗ്രാമിലൂടെ ‘ബോസ്’ എന്ന പേരിലുള്ള ഒരാളുമായി ആശയവിനിമയം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡിസിപിയുടെ പ്രതികരണം. തീവ്രസ്വഭാവമുള്ള നിരവധി ഗ്രൂപ്പുകളിലും ഇയാൾ അംഗമായിരുന്നുവെന്നാണ് വിവരം. ഈ ആശയവിനിമയത്തിന്റെ വിശദാംശങ്ങളും പ്രതിയുടെ മറ്റ് ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കും.
മൂവാറ്റുപുഴയിൽ കാർ ഷോറൂമിന് തീയിട്ടത് പ്രതി സമ്മതിച്ചതായും ഡിസിപി അറിയിച്ചു. ഇതോടെ മറ്റ് സംഭവങ്ങളുമായും പ്രതിക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചി കോഡർ ഹൗസിലുണ്ടായ തീപിടിത്തവും പുതിയ സാഹചര്യത്തിൽ വിശദമായി പരിശോധിക്കും.
ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടയാണെന്ന് സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഡിസിപിയുടെ പ്രതികരണം. അറസ്റ്റിലായ കുന്നത്തുനാട് സ്വദേശി എബിൻ ബി. പോളിന്റെ മൊബൈൽ ഫോണിൽനിന്ന് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചത്. ‘ബോസ്’ എന്നയാളുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ഇയാളെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് പ്രതിയുടെ മൊഴി. ടെലഗ്രാം, ഇൻസ്റ്റഗ്രാം വഴിയാണ് നിർദേശം ലഭിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച പുലർച്ചെ 2.40ന് നീല കാറിലെത്തിയ പ്രതി വാഹനം മാറ്റിയിട്ടശേഷം പള്ളിക്കു മുന്നിലെ നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീകരസംഘടനയ്ക്ക് കൈമാറിയെന്നും സൂചനയുണ്ട്. ജൂതപ്പള്ളിയിലെ ആക്രമണം വിജയിച്ചാൽ ഉത്തർപ്രദേശ്, ഡൽഹി, മുംബൈ, അമൃത്സർ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രതിയുടെ ഫോണിൽനിന്ന് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായാണ് വിവരം. ഇയാളുടെ താമസസ്ഥലത്തുനിന്ന് രാസലഹരിയും പിടിച്ചെടുത്തു. സംഭവത്തിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. കേന്ദ്ര ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തതായാണ് വിവരം.