കൊച്ചി: വാഗമൺ സിമി ആയുധപരിശീലനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് അബ്ദുൽ സുബ്ഹാൻ ഖുറേഷിക്ക് കൊച്ചി എൻഐഎ കോടതി 25 വർഷം തടവ് ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 75,000 രൂപ പിഴയും കോടതി ചുമത്തി. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി ഉത്തരവ്.
2007 ഡിസംബർ 10 മുതൽ 12 വരെ ഇടുക്കിയിലെ വാഗമൺ തങ്ങൾപ്പാറയിൽ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) ആയുധപരിശീലന ക്യാമ്പ് നടന്നെന്നാണ് കേസ്. ക്യാമ്പിന് നേതൃത്വം നൽകിയത് ഖുറേഷിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആയുധപരിശീലനത്തിനും ബോംബ് നിർമാണ പരിശീലനത്തിനും ക്യാമ്പിൽ സൗകര്യമൊരുക്കിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിമി ഭീകരർ ക്യാമ്പിൽ പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയിരുന്നു.
2018 ജനുവരിയിൽ ഡൽഹി പൊലീസാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. പിന്നീട് അഹമ്മദാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇയാളെ എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. രാജ്യത്തെ വിവിധ ഭീകരവാദ കേസുകളിലും ഖുറേഷി പ്രതിയായിട്ടുണ്ട്.
കേരളത്തിലെ പ്രധാന സിമി ഭീകരവാദ കേസുകളിലൊന്നാണ് വാഗമൺ ആയുധപരിശീലന ക്യാമ്പ് കേസ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമുദായിക സൗഹാർദത്തിനും ഭീഷണിയുയർത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ക്യാമ്പിനെ അന്വേഷണസംഘം കണ്ടത്.
ആരാണ് അബ്ദുൽ സുബ്ഹാൻ ഖുറേഷി
ഇന്ത്യൻ മുജാഹിദീന്റെ സ്ഥാപക നേതാക്കളിലൊരാളായ ഖുറേഷി ‘തൗഖീർ’ എന്ന പേരിലും അറിയപ്പെടുന്നു. വാഗമൺ ക്യാമ്പ് നടന്ന സമയത്ത് സിമിയുടെ ട്രഷററായിരുന്ന ഇയാൾക്ക് ക്യാമ്പിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ക്യാമ്പിന് ലഭിച്ച സാമ്പത്തിക സഹായവും എൻഐഎ പരിശോധിച്ചിരുന്നു.
2018 ജനുവരിയിൽ ഡൽഹിയിൽ അറസ്റ്റിലായ ഖുറേഷി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭീകരവാദ കേസുകളിലും അന്വേഷണ ഏജൻസികൾ തേടിയിരുന്ന പ്രതിയായിരുന്നു. അഹമ്മദാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഭീകരനെ പിടികൂടിയത്. കേരളത്തിൽ നടന്ന വാഗമൺ, പാനായിക്കുളം സിമി കേസുകൾ നിരോധിത സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായകമായിരുന്നു.