പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പാളം അറ്റകുറ്റപ്പണികളുടെ ഭാഗമായി വിവിധ സെക്ഷനുകളില്‍ ട്രാഫിക് ബ്ലോക്ക് ഏര്‍പ്പെടുത്തുന്നതിനാല്‍ കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ഒക്ടോബര്‍ 16ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു പൂര്‍ണമായി റദ്ദാക്കി. രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. മറ്റു ചില ട്രെയിനുകളുടെ സര്‍വീസും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 16ന് കൊല്ലം ജംഗ്ഷനില്‍നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു (66310) സര്‍വീസ് പൂര്‍ണമായി റദ്ദാക്കി. ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനിലും എറണാകുളം യാര്‍ഡിലും അറ്റകുറ്റപ്പണികള്‍ക്കായി ട്രാഫിക് ബ്ലോക്ക് ഏര്‍പ്പെടുത്തുന്നതാണ് സര്‍വീസ് മാറ്റങ്ങള്‍ക്ക് കാരണം.

ഒക്ടോബര്‍ 16ന് രാത്രി 11.15ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128), വൈകിട്ട് 5.40ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16604) എന്നിവ എറണാകുളം ടൗണ്‍-കായംകുളം ജംഗ്ഷന്‍ റൂട്ടില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ഒക്ടോബര്‍ 17ന് ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകില്ല. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ താല്‍ക്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. മാവേലി എക്‌സ്പ്രസിന് എറണാകുളം ടൗണിലും അധിക സ്റ്റോപ്പുണ്ടാകും.

കണ്ണൂരില്‍നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിന്‍ (16306) ഒക്ടോബര്‍ 16, 17, 18, 23, 24, 25, 27, 30, 31 തീയതികളില്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തൃശൂര്‍-എറണാകുളം ജംഗ്ഷന്‍ ഭാഗത്ത് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. ഒക്ടോബര്‍ 17ന് എറണാകുളം ജംഗ്ഷനില്‍നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ (56318) ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. അന്ന് ആലുവ-ഗുരുവായൂര്‍ റൂട്ടില്‍ ഈ ട്രെയിനിന്റെ സര്‍വീസ് ഉണ്ടായിരിക്കില്ല.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ (16348) ഒക്ടോബര്‍ 17, 18 തീയതികളില്‍ യാത്രാമധ്യേ 60 മിനിറ്റ് വൈകും. ട്രെയിന്‍ യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് മാറ്റങ്ങള്‍, റദ്ദാക്കലുകള്‍, സ്റ്റോപ്പുകളിലെ വ്യത്യാസങ്ങള്‍ എന്നിവ പരിശോധിക്കണമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Share