തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

‘ബാഷ’, ‘അണ്ണാമലൈ’, ‘കാതൽ കോട്ടൈ’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി; ഗാണാ സംഗീതത്തെ തമിഴ് സിനിമയുടെ മുഖ്യധാരയിലെത്തിച്ച പ്രതിഭ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തമിഴ് സിനിമയിലെ ജനപ്രിയ സംഗീതസംവിധായകൻ ദേവ (75) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാവിലെ 8.30ഓടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ് സിനിമയിൽ ‘തേനിസൈ തെന്ദ്രൽ’ എന്ന വിശേഷണത്തിലൂടെ അറിയപ്പെട്ടിരുന്ന ദേവയുടെ വിയോഗം ദക്ഷിണേന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമായി.

രജനീകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ബാഷ’, ‘അണ്ണാമലൈ’ എന്നിവയ്‌ക്ക് സംഗീതം പകർന്നതിലൂടെയാണ് ദേവ ഏറെ ശ്രദ്ധേയനായത്. ‘നാട്ടാമൈ’, ‘ആസൈ’, ‘കാതൽ കോട്ടൈ’, ‘നേർക്കു നേർ’, ‘അരുണാചലം’, ‘വാലി’, ‘ഖുഷി’, ‘നിനൈത്തേൻ വന്തായ്’, ‘പ്രിയമുടൻ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കും അദ്ദേഹം ഈണമൊരുക്കി. രജനീകാന്ത്, വിജയ്, അജിത് തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേവയുടെ സംഗീതം മിഴിവേകി.

‘ബാഷ’യിലെ ‘രാ രാ രാമയ്യ’, ‘ആസൈ’യിലെ ‘കൊഞ്ച നാൾ പൊറു തലൈവാ’, ‘കാതൽ കോട്ടൈ’യിലെ ‘വെള്ളരിക്ക പിഞ്ചു വെള്ളരിക്ക’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടവയാണ്. വ്യത്യസ്ത സംഗീതശൈലികളിലൂടെ തമിഴ് സിനിമാ സംഗീതത്തിൽ തന്റേതായ ഇടം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1950 നവംബർ 20ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നാനൂറിലധികം സിനിമകൾക്ക് സംഗീതം നൽകി. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലുമാണ് തമിഴ് ചലച്ചിത്ര സംഗീതരംഗത്ത് അദ്ദേഹം ശ്രദ്ധേയനായത്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Share