തിരുവനന്തപുരം: വഖഫ് ബോർഡ് ചെയർമാനായി എം.സി. മായിൻ ഹാജിയെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച എഫ്ഐആറിൽ പ്രതിയാണ് മായിൻ ഹാജിയെന്ന് കെ.പി ശശികല ടീച്ചർ ചൂണ്ടിക്കാട്ടി. മാറാട്ടെ മുറിവിൽ ഉപ്പല്ല, മുളകാണ് സർക്കാർ തേച്ചതെന്നും ടീച്ചർ പറഞ്ഞു.
കേരളത്തിൽ ഇത്രയധികം മുസ്ലിം ജനസംഖ്യയുള്ളപ്പോൾ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മായിൻ ഹാജിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെന്താണെന്നും ഹിന്ദു ഐക്യവേദി ചോദിച്ചു. ഈ നിയമനത്തിലൂടെ എന്ത് സന്ദേശമാണ് വി. ഡി സതീശൻ സർക്കാർ നൽകുന്നത്.
വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു എന്നതിന് ഒരു തെളിവ് കൂടി പുറത്ത് വന്നിരിക്കുകയാണ്. സർക്കാർ അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്യാത്ത നിലപാടിനൊപ്പം
മാറാടിന്റെ ചോരക്കറ പുരണ്ടു എന്ന് അന്വേഷണ ഏജൻസികൾ തുറന്ന് പറഞ്ഞ എം.സി മായിൻ ഹാജി എന്ന ലീഗ് നേതാവിനെ വഖഫ് ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് അവരോധിച്ചത് ജനാധിപത്യ സംവിധാനത്തോടും നീതി ന്യായ വ്യവസ്ഥയ്ക്കും യുഡിഎഫ് സർക്കാറും വി ഡി സതീശനും വിലകൽപ്പിക്കുന്നില്ല എന്നതിന് പ്രത്യക്ഷ തെളിവാണ്.
ഭരണം നിലനിർത്താൻ വി ഡി സതീശൻ നിലവാരം കുറഞ്ഞ രാഷ്ട്രീയ നേതാവായി മാറിയിരിക്കുന്നു. കോടതി കുറ്റ വിമുക്തനാക്കുന്നത് വരെ എം.സി മായിൻ ഹാജിയെ സർക്കാർ നിശ്ചയിക്കുന്ന എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.















