ന്യൂഡല്ഹി: ബിസ്കറ്റ് നിര്മാണത്തില് കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ചതടക്കമുള്ള ഗുരുതര ചട്ടലംഘനങ്ങള് കണ്ടെത്തിയതിനെത്തുടര്ന്ന് പ്രിയഗോള്ഡ് ബിസ്കറ്റ് നിര്മാതാക്കളായ സൂര്യ ഫുഡ് ആന്ഡ് അഗ്രോ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) നിയമനടപടി ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങള് ലംഘിച്ചതിന് ദൊഡ്ല ഡെയറി, യുഇഐആര് ഓര്ഗാനിക് ഫുഡ്സ് എന്നീ കമ്പനികള്ക്കെതിരെയും പ്രോസിക്യൂഷന് നടപടികള് സ്വീകരിച്ചിട്ടുണ്ട്.
ഉപഭോക്താവിന്റെ പരാതിയെ തുടര്ന്നാണ് സൂര്യ ഫുഡ് ആന്ഡ് അഗ്രോയുടെ നിര്മാണ പ്ലാന്റില് എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. പരിശോധനയില് ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളിലെ ഗുരുതര വീഴ്ചകള് കണ്ടെത്തി. ബിസ്കറ്റില് ഫൈബര് സ്രോതസ്സായി കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ചിരുന്നതായാണ് പരിശോധനയിലെ കണ്ടെത്തല്. തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളില് ഇത് മൃഗങ്ങള്ക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളുമുണ്ടായിരുന്നു.
ഫാക്ടറിയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിശുചിത്വം എന്നിവയിലും വീഴ്ചകള് കണ്ടെത്തി. ഇതേത്തുടര്ന്ന് കമ്പനിയുടെ ലൈസന്സ് എഫ്എസ്എസ്എഐ സസ്പെന്ഡ് ചെയ്തു. കമ്പനിക്കെതിരെ ഔദ്യോഗികമായി പ്രോസിക്യൂഷന് നടപടികളും ആരംഭിച്ചിട്ടുണ്ട്. ദൊഡ്ല ഡെയറിയുടെ ദൊഡ്ല ഫുള് ക്രീം പാല് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള് സാമ്പിള് ഗുണനിലവാര മാനദണ്ഡങ്ങള് പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ലബോറട്ടറി പരിശോധനയില് പാലില് ഡിറ്റര്ജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിട്ടുണ്ടെന്നും കൊഴുപ്പിന്റെ അളവ് നിശ്ചിത നിലവാരത്തിലും താഴെയാണെന്നും സ്ഥിരീകരിച്ചതായി റിപ്പോര്ട്ടില് പറയുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുരുതരമായ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടികള് ആരംഭിച്ചത്. യുഇഐആര് ഓര്ഗാനിക് ഫുഡ്സ് വില്പ്പന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയില് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്ന്നാണ് കമ്പനിക്കെതിരെയും നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ച കമ്പനികള്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിച്ചതായി എഫ്എസ്എസ്എഐ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.