‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈ ദുബായ് വിമാനത്തിനുള്ളില്‍ നേരിട്ട ആക്രമണത്തിന്റെയും ഭീതിനിറഞ്ഞ നിമിഷങ്ങളുടെയും അനുഭവം വെളിപ്പെടുത്തി ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍. ആക്രമണത്തിനിടെ ഒരുഘട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നിരുന്നുവെന്നും സ്വന്തം സുരക്ഷയ്‌ക്കൊപ്പം യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാനും ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലിരിക്കെ നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തിന്റെ നടുക്കുന്ന അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ബോധം മറഞ്ഞും തെളിഞ്ഞുമുള്ള അവസ്ഥയിലായിരുന്നുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അതിജീവിക്കണമെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്ന തിരിച്ചറിവാണ് ആ സമയത്ത് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ കോക്ക്പിറ്റില്‍ നിര്‍ണായകമായി ഇടപെട്ട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതും അദ്ദേഹം അനുസ്മരിച്ചു. മരണഭയം തോന്നിയ നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നിഷ്‌ക്രിയനായി തുടരാനാവില്ലെന്നും ഗുരുതരമായ സാഹചര്യം മറികടക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും തിരിച്ചറിഞ്ഞതായി മച്ചാര്‍ പറഞ്ഞു. സ്വന്തം ജീവന്‍ മാത്രമല്ല, വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ സുരക്ഷയും തന്റെ മുന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ജോലിക്കിടെ ശക്തമായ എന്തോ ഒന്ന് തലയിലിടിച്ചതായാണ് ഓര്‍മയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ബോധം മറഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നു. വാതില്‍ തുറന്നപ്പോള്‍ താന്‍ കമിഴ്ന്നു കിടക്കുന്നതായാണ് ഓര്‍മയിലുള്ളത്. സംഭവസ്ഥലത്തെ പരിഭ്രാന്തിയും നിലവിളികളും ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീതിജനകമായ സാഹചര്യത്തില്‍ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചതെന്നും താന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചതെന്നും മച്ചാര്‍ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത സഹപ്രവര്‍ത്തകനോട് നന്ദി അറിയിച്ച അദ്ദേഹം, ആ ഇടപെടല്‍ ജീവിതാവസാനംവരെ മറക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Share