രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയും. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഈ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (ട്രേഡ് മാർജിൻ) 30 ശതമാനമായി നിജപ്പെടുത്തിയതോടെയാണ് വില കുറയുന്നത്. ഇതുവഴി മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (എംആർപി) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പുതുക്കിയ വില 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.

പെംബ്രോലിസുമാബ്, റിബോസിക്ലിബ്, അബെമാസിക്ലിബ് തുടങ്ങിയ വിലയേറിയ പേറ്റന്റ് മരുന്നുകളും വിലനിയന്ത്രണ നടപടിയുടെ പരിധിയിൽ ഉൾപ്പെടും. കാൻസർ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നുകൾ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.

വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തി

സ്റ്റോക്കിസ്റ്റുകൾക്കും ആശുപത്രികൾക്കും നേരിട്ട് വിൽക്കുമ്പോൾ ആദ്യ വിൽപ്പന ഘട്ടത്തിലെ വിലയുടെ 30 ശതമാനത്തിൽ കൂടുതൽ വ്യാപാര മാർജിൻ ഈടാക്കാൻ പാടില്ലെന്നാണ് എൻപിപിഎയുടെ പുതിയ നിർദേശം. പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാനും മരുന്ന് നിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്ക് അത്യാവശ്യമായ മരുന്നുകൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എൻപിപിഎ വ്യക്തമാക്കി.

ചില മരുന്നുകളിൽ വ്യാപാര മാർജിൻ 700 ശതമാനം വരെ

എൻപിപിഎയുടെ സമീപകാല യോഗത്തിൽ വിപണി വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ വിലനിയന്ത്രണ പരിധിയിൽ വരാത്ത കാൻസർ മരുന്നുകളിൽ ശരാശരി 170 ശതമാനത്തോളം വ്യാപാര മാർജിൻ ഈടാക്കുന്നതായി കണ്ടെത്തി. ചില മരുന്നുകളിൽ ഇത് 700 ശതമാനം വരെയാണെന്നും യോഗത്തിന്റെ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ കാൻസർ മരുന്നുകളുടെ വാർഷിക വിറ്റുവരവ് ഏകദേശം ₹12,500 കോടിയാണ്. ഇതിൽ വിലനിയന്ത്രണത്തിന് വിധേയമായ മരുന്നുകളുടെ വിറ്റുവരവ് ഏകദേശം ₹2,250 കോടി മാത്രമാണ്. വിലനിയന്ത്രണ പരിധിയിൽ വരാത്ത മരുന്നുകളുടെ വ്യാപാര മാർജിൻ കുറയ്‌ക്കുന്നതിലൂടെ അവയുടെ ചില്ലറ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം ₹2,500 കോടിയുടെ ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2019ൽ സമാനമായ നടപടി സ്വീകരിച്ചപ്പോൾ മരുന്നുകളുടെ ചില്ലറ വിലയിൽ 91 ശതമാനം വരെ കുറവുണ്ടായെന്നും പ്രതിവർഷം ഏകദേശം ₹984 കോടിയുടെ ലാഭം ഉപഭോക്താക്കൾക്ക് ലഭിച്ചെന്നും യോഗത്തിന്റെ മിനുട്‌സിൽ വ്യക്തമാക്കുന്നു.

നിർമാതാക്കൾ പുതുതായി നിശ്ചയിക്കുന്ന ചില്ലറ വിലയ്‌ക്ക് പുറമേ ജിഎസ്ടി ബാധകമായിരിക്കും. അമിതമായ വിലക്കയറ്റം തടയുന്നതിനൊപ്പം ന്യായമായ വ്യാപാര ലാഭവിഹിതം ഉറപ്പാക്കാനും വിലനിയന്ത്രണം സഹായിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.

നവംബർ 9 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ വിലയേറിയ കാൻസർ മരുന്നുകൾ വാങ്ങേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Share