മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: മാക്കേകടവ്–നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരാതിയില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാലത്തിനായി പണം അനുവദിച്ചതും വൈക്കം ഭാഗത്ത് തറക്കല്ലിട്ടതും താൻ മന്ത്രിയായിരുന്നപ്പോഴാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അന്ന് പദ്ധതിക്ക് തുടക്കം കുറിച്ചില്ലായിരുന്നെങ്കിൽ ഇന്ന് പാലം യാഥാർഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം എംഎൽഎയും സംഘാടകർക്ക് താൽപര്യമുള്ളവരും പങ്കെടുത്താണ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയതെന്ന് സുധാകരൻ കുറിച്ചു. എന്നാൽ, ഉദ്ഘാടനത്തിന് തനിക്ക് ക്ഷണക്കത്ത് ലഭിച്ചില്ലെന്നതിൽ പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

80 കോടി രൂപ അനുവദിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ യാത്രാക്ലേശം വലിയ തോതിൽ പരിഹരിക്കുന്ന പദ്ധതിയാണ് മാക്കേകടവ്–നേരെക്കടവ് പാലമെന്ന് സുധാകരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വൈക്കം, ആലപ്പുഴ ഭാഗങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പാലത്തിനായി ഏകദേശം 80 കോടി രൂപ അനുവദിച്ചതെന്നും വൈക്കം ഭാഗത്ത് തറക്കല്ലിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലം പൂർത്തിയാകുമ്പോൾ ആലപ്പുഴ ഭാഗത്ത് ഉദ്ഘാടനം നടത്താനായിരുന്നു അന്നത്തെ തീരുമാനമെന്നും കുറിപ്പിലുണ്ട്. എന്നാൽ, ആലപ്പുഴ ഭാഗത്തെ ഒന്നോ രണ്ടോ വീട്ടുകാർ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം നൽകില്ലെന്ന നിലപാടെടുത്തതോടെ നിർമാണം നീണ്ടുപോയി. ബലംപ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതും കാലതാമസത്തിന് കാരണമായെന്ന് സുധാകരൻ വിശദീകരിച്ചു.

‘ഇത് പറയേണ്ടിയിരുന്നത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും’

പാലം പൂർത്തിയായതിനു പിന്നാലെ ഉദ്ഘാടനവേദിയിൽ അവകാശവാദങ്ങൾ ഉയർന്നതായി പത്രവാർത്തകളിൽ കണ്ടെന്നും സുധാകരൻ കുറിച്ചു. പാലം നിർമാണവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന ഒരേയൊരാൾ അന്ന് എംഎൽഎയായിരുന്ന എ.എം. ആരിഫാണെന്നും പദ്ധതിയുടെ യഥാർഥ ചരിത്രം വസ്തുതാപരമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത് നടക്കില്ലായിരുന്നു” എന്ന നിലപാട് ആവർത്തിച്ച സുധാകരൻ, ഇക്കാര്യം പറയേണ്ടിയിരുന്നത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഷാനിമോൾ ഉസ്മാന് പദ്ധതിയുടെ പശ്ചാത്തലം നന്നായി അറിയാമെന്നും അദ്ദേഹം കുറിച്ചു.

500 പാലങ്ങളുടെ നിർമാണത്തിന് തുടക്കമിട്ടെന്ന് അവകാശവാദം

2016–2021 കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ കേരളത്തിൽ 500 പാലങ്ങളുടെ നിർമാണത്തിന് തുടക്കമിട്ടതായും സുധാകരൻ അവകാശപ്പെട്ടു. നൂറുകോടി രൂപയുടെ പെരുമ്പളം പാലം, 80 കോടി രൂപയുടെ മാക്കേകടവ്–നേരെക്കടവ് പാലം, ചേർത്തലയിലെ നെടുമ്പ്രക്കാട് പാലം എന്നിവയും അദ്ദേഹം പരാമർശിച്ചു.

ഇനിയും പൂർത്തിയാക്കാനുള്ള പാലങ്ങൾ ബാക്കിയുണ്ടെന്നും പദ്ധതി യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് സുധാകരൻ കുറിപ്പ് അവസാനിപ്പിച്ചത്.

Share