നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: നെടുമ്പനയില്‍ വീട്ടിലിരിക്കെ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനായ മകനും പൊള്ളലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാര്‍ഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് ഇവിടെ എത്തിച്ചത്. ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു സംഭവം. ശ്രീദേവിയും ആദിദേവും മറ്റു രണ്ടു മക്കളും ഭര്‍തൃമാതാവ് നന്ദിനിയും വീട്ടിലെ മുന്‍വശത്തെ മുറിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും മകനും അടുക്കളയിലേക്ക് പോയി. ഈ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. അമ്മയ്‌ക്കും കുഞ്ഞിനും ഇടിമിന്നലേല്‍ക്കുകയായിരുന്നു.

ഇരുവരുടെയും നിലവിളി കേട്ടെത്തിയ നന്ദിനിയും മറ്റു കുട്ടികളും അടുക്കളയില്‍ അമ്മയും കുഞ്ഞും നിലത്തുകിടക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് അയല്‍വാസികളും സ്ഥലത്തെത്തി. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റപ്പോള്‍ ശ്രീദേവിക്ക് വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്. ഇരുവരെയും ആദ്യം നെടുമ്പന ടിബി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശ്രീദേവിയെയും മകനൊപ്പം തിരുവനന്തപുരത്തേക്ക് മാറ്റി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇടിമിന്നലില്‍ വീടിന്റെ ചുവരിനും കിണറിനും കേടുപാടുകള്‍ സംഭവിച്ചു. സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകള്‍ കത്തിപ്പോകുകയും ചെയ്തു. ഉച്ചയ്‌ക്ക് 12.30ഓടെ ഉഗ്രാംകുന്ന് ഭാഗത്ത് മഴ ആരംഭിച്ചിരുന്നു. രണ്ടുമണിയോടെ മഴ കുറഞ്ഞെങ്കിലും ഇടിയും മിന്നലും ശക്തമായി തുടര്‍ന്നതായാണ് വിവരം. ഏതാനും ദിവസം മുമ്പും ഇതേ പ്രദേശത്തെ ഒരു വീട്ടില്‍ ഇടിമിന്നലേറ്റിരുന്നതായി പഞ്ചായത്തംഗം നിസാമോള്‍ പറഞ്ഞു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെഎസ്ഇബി അധികൃതരുമായും വില്ലേജ് ഓഫീസറുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

Share