ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ദിനമായ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 100 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ന്യൂസിലന്‍ഡ് വിപണിയില്‍ തീരുവയില്ലാത്ത പ്രവേശനം ലഭിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കരകൗശല തൊഴിലാളികള്‍, കര്‍ഷകര്‍, ഔഷധ നിര്‍മാണ മേഖല എന്നിവയ്‌ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്ന കരാറാണിതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, 2047ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് കരാര്‍ നടപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 2030ഓടെ ഇരട്ടിയാക്കി ഏകദേശം 35,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലന്‍ഡ് വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കുമെന്നും ഇത് ഉല്‍പ്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്ഷീരമേഖല പോലുള്ള സെന്‍സിറ്റീവ് മേഖലകള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സാധ്യമാക്കാനുള്ള ന്യൂസിലന്‍ഡിന്റെ പ്രതിബദ്ധത നിര്‍മാണം, അടിസ്ഥാനസൗകര്യം, സേവനമേഖല, നവീകരണം എന്നിവയ്‌ക്ക് കരുത്തേകുമെന്ന് ഗോയല്‍ പറഞ്ഞു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും കരാറിന് കഴിയുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഏപ്രിലില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎയില്‍ ഒപ്പുവച്ചത്. സേവനമേഖല, നിക്ഷേപം, പ്രൊഫഷണല്‍, വിദ്യാര്‍ഥി, യുവജന സഞ്ചാരം എന്നിവയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മെച്ചപ്പെട്ട പ്രവേശന മാര്‍ഗങ്ങള്‍ ഒരുക്കാനും കരാര്‍ ലക്ഷ്യമിടുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

2025-26ല്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരക്കുവ്യാപാരം ഏകദേശം 110 കോടി ഡോളറായിരുന്നു. വ്യാപാരം, നിക്ഷേപം, കൃഷി, വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിച്ച ജെസിബി യന്ത്രത്തിന്റെ ആദ്യ കയറ്റുമതി പിയൂഷ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷി, രത്‌ന-ആഭരണ മേഖല, എന്‍ജിനീയറിങ്, കായികോപകരണങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും തുടക്കമാകും. ഇന്ത്യന്‍ നിര്‍മാതാക്കളുടെ ആത്മവിശ്വാസവും പുതിയ കരാര്‍ തുറക്കുന്ന വിപണി സാധ്യതകളുമാണ് ഈ നീക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Share