ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ കുട്ടിയുടെ അമ്മ മഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മൊഴിപ്രകാരം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് ഇവരുടെ ആൺസുഹൃത്താണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

2023 ഓഗസ്റ്റ് ആറിനാണ് പുളിക്കീഴിൽ ദുരൂഹ സാഹചര്യത്തിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടം പരിശോധനയിൽ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. മൂക്കും വായും പൊത്തിപ്പിടിക്കുകയും കഴുത്തിൽ ഞെരിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയതെന്ന വിവരവും പുറത്തുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൂന്ന് വർഷത്തിന് ശേഷം കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

പാലക്കാട്ടെ തർക്കത്തിനിടെ വെളിപ്പെടുത്തൽ

കഴിഞ്ഞയാഴ്ച പാലക്കാട് നാടോടി സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. തർക്കത്തിനിടെ കുട്ടിയുടെ അമ്മയാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ പൊതുപ്രവർത്തകൻ പോലീസിനെ അറിയിച്ചതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്.

ചെങ്ങന്നൂരിൽ ആൺസുഹൃത്തുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. തുടർന്ന് ആൺസുഹൃത്ത് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് ഇയാളുടെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ കുഴിച്ചിട്ടെന്നുമാണ് മൊഴിയിലുള്ളത്. എന്നാൽ കേസിലെ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.

Share