കൊല്ലം: കൊല്ലം കോട്ടമുക്കിലെ ഹോട്ടൽ മുറിയിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച കേസിൽ അജാസ് ഖാനെ റിമാൻഡ് ചെയ്തു.
ഇരുവരും കോട്ടമുക്കിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അജാസ് ഖാൻ അലീനയെ ഉപദ്രവിക്കുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിച്ചു. വിവരമന്വേഷിക്കാനെത്തിയ പൊലീസിനോട് അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് വിവരം.
തുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കൈവശംവച്ച കേസിൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.
എന്നാൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു. അലീനയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജനാണ് അലീന മാർഗ്രറ്റ് സഖറിയ. അജാസ് ഖാൻ വിദേശത്താണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.