രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

Published by
ജനം വെബ്‌ഡെസ്ക്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ മറികടന്ന ഇന്ത്യ 118 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റിങ്ങിലെ പ്രധാന ആകര്‍ഷണം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയായിരുന്നു. 207 പന്തുകള്‍ നേരിട്ടാണ് താരം ടെസ്റ്റ് കരിയറിലെ 13-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 290 പന്തില്‍ 130 റണ്‍സെടുത്ത രാഹുല്‍ പിന്നീട് പുറത്തായി.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടവും ഇതോടെ രാഹുല്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെഞ്ച്വറിക്ക് വെറും രണ്ട് റണ്‍സ് അകലെ 98 റണ്‍സുമായി ഗില്‍ മടങ്ങി. 146 പന്തുകള്‍ നേരിട്ട താരം ഇന്ത്യന്‍ ഇന്നിങ്‌സിന് നിര്‍ണായക സംഭാവന നല്‍കി. മലയാളി താരം ദേവ്ദത്ത് പടിക്കലും ബാറ്റിങ്ങില്‍ തിളങ്ങി. 175 പന്തില്‍ 80 റണ്‍സെടുത്ത പടിക്കലിനെ കിവീസ് പേസര്‍ കൈല്‍ ജെയ്മിസണ്‍ 83-ാം ഓവറില്‍ ബൗള്‍ഡാക്കുകയായിരുന്നു.

രണ്ടാം ദിനം 89 പന്തില്‍ 85 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും പുറത്തായിരുന്നു. നിലവില്‍ ഋഷഭ് പന്തും അന്‍ഷുല്‍ കംബോജുമാണ് ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 368 റണ്‍സിന് പുറത്തായിരുന്നു. ഹെന്റി നിക്കോള്‍സിന്റെ 175 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സിന്റെ 118 റണ്‍സുമാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Share