ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: പൊലീസ് സ്റ്റേഷനിലെ ഭീഷണി ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരിഹാസ പോസ്റ്റ്. യൂട്യൂബര്‍ രാജന്‍ ജോസഫ് നടത്തിയ മാങ്ങ തുലാഭാരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ മംഗല്യഭാഗ്യത്തിനായാണ് തൃക്കാക്കര ക്ഷേത്രത്തില്‍ മാങ്ങ കൊണ്ട് തുലാഭാരം നടത്തിയതെന്നാണ് രാജന്‍ ജോസഫിന്റെ പരിഹാസക്കുറിപ്പിലുള്ളത്.

സീസണ്‍ അല്ലാത്തതിനാല്‍ മാങ്ങ സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പ്രിയ സഹോദരന്‍ കബീര്‍ 70 കിലോ മാങ്ങ എത്തിച്ചുനല്‍കിയെന്നുമാണ് കുറിപ്പില്‍ പറയുന്നത്. വഴിപാടിനായി ഏകദേശം 6,000 രൂപ ചെലവായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാങ്ങ കഴിക്കുന്നവര്‍ വലിച്ചെറിയുന്ന മാങ്ങാണ്ടികള്‍ മുളച്ച് വലിയ മരങ്ങളായി വളരട്ടെയെന്നും ആരും അവ നശിപ്പിക്കാതിരിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നതായും കുറിപ്പിലുണ്ട്.

‘സുഖമാണോ’ എന്ന് ചോദിച്ച കുഞ്ഞമ്മയോടുള്ള മധുരപ്രതികാരമെന്നാണ് ഈ നടപടിയെ രാജന്‍ ജോസഫ് വിശേഷിപ്പിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ നടത്തിയ പരാമര്‍ശങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇതോടെ മാങ്ങ തുലാഭാരവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

യൂട്യൂബര്‍ രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും നേരത്തെ വിവാദമായിരുന്നു. അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവമുണ്ടായതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിലെ സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളും തുടര്‍ന്നുണ്ടായ പരാമര്‍ശങ്ങളുമാണ് ഇപ്പോഴത്തെ പരിഹാസ പോസ്റ്റിന്റെ പശ്ചാത്തലം. നേരത്തെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മാങ്ങ കൊണ്ട് തുലാഭാരം നടത്തിയതും അതിന് നല്‍കിയ വിശദീകരണവുമാണ് പുതിയ ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുന്നത്.

Share