‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് പന്തിന്റെ തിളക്കം നിലനിര്‍ത്താന്‍ തുപ്പല്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കില്ലെന്ന് വ്യക്തമാക്കി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചിട്ടും പന്തില്‍ തുപ്പല്‍ പുരട്ടാന്‍ അനുവദിക്കാത്തതിനെതിരെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവിലെ നിയമത്തില്‍ ഉടന്‍ മാറ്റം വരുത്താന്‍ ആലോചനയില്ലെന്നാണ് ഐസിസിയുടെ നിലപാട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസിലന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റിന് പിന്നാലെയാണ് ഗില്‍ വിഷയത്തില്‍ അതൃപ്തി പരസ്യമാക്കിയത്. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ കൂക്കബുറ പന്തിന്റെ തിളക്കവും കാഠിന്യവും പെട്ടെന്ന് നഷ്ടപ്പെടുന്നത് ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് താരം ചൂണ്ടിക്കാട്ടി.

പന്തിന്റെ തിളക്കം നിലനിര്‍ത്താന്‍ തുപ്പല്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഗില്‍ മുന്നോട്ടുവച്ചു. മത്സരത്തിന്റെ അവസാന ദിവസം ന്യൂസിലന്‍ഡിനെ പുറത്താക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയാതെ പോയതും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായക പോയിന്റുകള്‍ നഷ്ടമായതുമാണ് ഗില്ലിന്റെ വിമര്‍ശനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ താരത്തിന്റെ ആവശ്യം പരിഗണിച്ച് നിയമത്തില്‍ മാറ്റം വരുത്താന്‍ ഐസിസി തയ്യാറായിട്ടില്ല. ആരോഗ്യസുരക്ഷയും ക്രിക്കറ്റിന്റെ നിയമപരമായ വശങ്ങളും പരിഗണിച്ചാണ് നിലവിലെ നിയന്ത്രണം തുടരുന്നതെന്നാണ് വിശദീകരണം.

2020-ല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ ഉപയോഗിക്കുന്നത് ഐസിസി നിരോധിച്ചത്. താരങ്ങളുടെയും അമ്പയര്‍മാരുടെയും ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നടപടി. പിന്നീട് ഇത് ഐസിസിയുടെ സ്ഥിരം കളിനിബന്ധനകളുടെ ഭാഗമായി മാറി. ക്രിക്കറ്റിലെ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എംസിസിയും പന്തിന്റെ സ്വഭാവത്തില്‍ കൃത്രിമ മാറ്റം വരുത്തുന്ന രീതികളില്‍ തുപ്പല്‍ ഉപയോഗിക്കുന്നതിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് പിന്‍വലിക്കുന്നതില്‍ ഐസിസിക്ക് മറ്റൊരു ആശങ്ക കൂടിയുണ്ട്.

ച്യൂയിങ് ഗം, മിഠായികള്‍ തുടങ്ങിയവയുമായി കലര്‍ത്തിയ തുപ്പല്‍ പന്തില്‍ ഉപയോഗിക്കുന്നത് പന്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഇടയാക്കും. ഇത്തരത്തിലുള്ള പ്രവണതകള്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് പ്രയാസകരമാകുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യപരമായ ആശങ്കകളും പൂര്‍ണമായി ഒഴിവായിട്ടില്ല. പുതിയ കോവിഡ് വകഭേദങ്ങള്‍ ഉയര്‍ത്തുന്ന സാധ്യതയുള്ള ഭീഷണികളും ഐസിസി പരിഗണിക്കുന്നുണ്ട്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും പുതിയ വകഭേദങ്ങളെ ആഗോള ആരോഗ്യപ്രശ്‌നമായി നിരീക്ഷിക്കുന്നുണ്ട്. ഈ മാസം ബാലിയില്‍ നടന്ന ഐസിസി യോഗങ്ങളിലും തുപ്പല്‍ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമത്തില്‍ മാറ്റം വേണമെങ്കില്‍ ഏതെങ്കിലും അംഗരാജ്യം നിര്‍ദേശം സമര്‍പ്പിക്കുകയും ബന്ധപ്പെട്ട ഐസിസി സമിതിയുടെ പരിഗണനയ്‌ക്ക് ശേഷം ബോര്‍ഡിന്റെ അംഗീകാരം നേടുകയും വേണം.

Share