ദേശവിരുദ്ധവും വാസ്തവ വിരുദ്ധവുമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചെന്നാരാപിച്ച് ഈജിപ്റ്റിൽ സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു. മുൻ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഹൊസം ബഹഗഡ് എന്ന യുവാവാണ് അറസ്റ്റിലായത്.
2014ൽ സ്വന്തം വെബ് സൈറ്റിലൂടെ ഒരു അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് മാദ്ധ്യമ പ്രവർത്തകനും മുൻ മനുഷ്യാവകാശ പ്രവർത്തകനുമായ ഹൊസം ബഹഗഡ് എന്ന 37 കാരൻ അറസ്റ്റിലായത്. നിരോധിത സംഘടനയായ മുസ്ലീം ബ്രദർഹുഡിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ദേശവിരുദ്ധമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മുസ്ലീം ബ്രദർഹുഡ് നേതാവും പ്രസിഡന്റുമായിരുന്ന മുഹമ്മദ് മുർസിയെ 2013 ൽ പട്ടാളം അധികാരത്തിൽ നിന്നും പുറത്താക്കിയ ശേഷം ഇത്തരത്തിൽ ആയിരക്കണക്കിന് പേർ രാജ്യത്ത് ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശവിരുദ്ധ വിവരങ്ങൾ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ബഹഗഡിന് മിലിട്ടറി ഇന്റലിജൻസിൽ നിന്ന് സമൻസ് ലഭിച്ചത്. തുടർന്ന് ഇന്റിലിജൻസ് ആസ്ഥാനത്ത് ഹാജരായ ഇയാളെ ഉദ്യോഗസ്ഥർ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. ഫോൺ ഉപയോഗിക്കരുതെന്നും അഭിഭാഷകന്റെ സഹായം തേടരുതെന്നും ഹൊസം ബഹഗഡിന് ഇന്റലിജൻസ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇയാൾ ഇപ്പോഴും ഇന്റലിജൻസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.
അതേസമയം, അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കുന്നവരുടെ വായ മൂടുന്നത് തെറ്റായ രീതിയാണെന്ന് രാജ്യത്തെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.