തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് അനന്തപുരിയില്‍ അരങ്ങുണര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിലവിളക്ക് കൊളുത്തി അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്.
കലോത്സവത്തിന് തുടക്കം കുറിച്ച് വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു. പാളയം സംസ്‌കൃത കോളജിന് മുന്നില്‍ നിന്നും ഡിജിപി ടി.പി സെന്‍കുമാറാണ് യാത്ര ഫഌഗ് ഓഫ് ചെയ്തത്. പൊലീസിന്റെ അശ്വാരൂഢസേനയ്‌ക്ക് പിന്നിലായിരുന്നു ബാനറുകളുമായി വിദ്യാര്‍ഥികള്‍ അണിനിരന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ ഘോഷയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു.
പാളയം സ്റ്റാച്യൂ വഴി കിഴക്കേകോട്ടയിലെ പ്രധാന വേദിയിലേക്കായിരുന്നു ഘോഷയാത്ര. അന്‍പത് സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. വിവിധ സ്‌കൂളുകളും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയ്‌ക്ക് മിഴിവേകി. സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ഘോഷയാത്രയ്‌ക്കൊപ്പം അണിനിരന്നിരുന്നു.
രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഘോഷയാത്ര പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേര്‍ന്നത്. ഘോഷയാത്ര കടന്നുപോയ വീഥിയുടെ ഇരുവശങ്ങളിലും കാഴ്ചക്കാരായി വന്‍ജനാവലി ഇടംപിടിച്ചിരുന്നു. ഘോഷയാത്ര പ്രധാന വേദിയിലേക്ക് കടന്നതോടെ ഉദ്ഘാടനച്ചടങ്ങുകളും ആരംഭിച്ചു. സ്വാഗതഗാനമായിരുന്നു ആദ്യം.
കളരിപ്പയറ്റും കഥകളിയും ഒപ്പനയും മോഹിനിയാട്ടവും ഭരതനാട്യം ഉള്‍പ്പെടെയുള്ള നൃത്തരൂപങ്ങളും സ്വാഗതഗാനത്തിന് ദൃശ്യചാരുത പകര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രധാനവേദിയായ ചിലങ്കയില്‍ സജ്ജീകരിച്ച കല്‍വിളക്കില്‍ തിരി തെളിയിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, വി. ശിവന്‍കുട്ടി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
രാവിലെ പത്ത് മണിയോടെ കലോത്സവത്തിന്റെ വരവ് അറിയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ കലോത്സവ വേദിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനും മറ്റ് നടപടിക്രമങ്ങളും ആരംഭിച്ചു.