കൊച്ചി: കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ 21 പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി കണ്ടെത്തി. ഒന്നാംപ്രതി അബ്ദുല്‍ അസീസിന് 7 വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടു മുതല്‍ 21 വരെയുള്ള പ്രതികള്‍ക്കു 5 വര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ .
2013 ഏപ്രില്‍ 23 നു കണ്ണൂര്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയത്. പൊലീസ് നടത്തിയ റെയ്ഡില്‍ വടിവാള്‍, വെടിയുണ്ട, വെടിമരുന്ന്, നാടന്‍ ബോംബ്, പെട്രോളിയം ബോംബ് ഉണ്ടാക്കാനുളള വസ്തുക്കള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ആയുധ പരിശീലനത്തിനുളള സംവിധാനവും ക്രമീകരിച്ചിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടിരുന്നു.
ക്യാമ്പ് നടത്താന്‍ ഫണ്ട് സ്വരൂപിച്ച രണ്ടാംപ്രതി ഫഹദിന് അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ ഇരുപത്തിരണ്ടാം പ്രതി കമറുദ്ദീനെ കോടതി വെറുതെ വിട്ടു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജി മനു പറഞ്ഞു.
അതിനിടെ കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെയാണ് കോടതി വിധി പറഞ്ഞതെന്ന് പ്രതിഭാഗം ആരോപിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിചാരണ നടന്ന കേസാണിത്. വിചാരണ വൈകിപ്പിക്കാന്‍ സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റിക്കാന്‍ ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു.
2013 ഒക്ടോബറില്‍ തന്നെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകര പ്രവര്‍ത്തനം നടത്താന്‍ ആയുധ പരിശീലനം നല്കി, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.