പമ്പ: മണ്ഡലകാലത്തിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്തും പരിസരത്തും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ അധികൃതരുടെ കടുത്ത അവഗണന. പമ്പയിലും പരിസരത്തും ഉൾപ്പെടെ ആവശ്യത്തിന് ശുചിമുറികളോ വഴിവിളക്കുകളോ ഇല്ലാത്തത് തീർത്ഥാടകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
മണ്ഡലകാലത്ത് തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൽ ദേവസ്വംബോർഡും സർക്കാരും പഴികേൾക്കുന്നത് പതിവാണ്. എന്നാൽ ഇതിന് വിപരീതമായി ഇത്തവണ മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപുതന്നെ സന്നിധാനത്തും പരിസരത്തും തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാത്തതിൽ പ്രതിഷേധം ശക്തമായി.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ സീസണിലും ശബരിമലയിൽ ദർശനത്തിനായെത്തുന്നത്. മണ്ഡലകാലത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ പമ്പയിലോ പരിസരത്തോ ആവശ്യത്തിന് ശുചിമുറികളില്ലാത്തത് കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള നടവഴിയിൽ ഇതുവരെ വഴിവിളക്ക് സ്ഥാപിക്കുവാനോ, തകർന്നതും തുമ്പെടുത്തതുമായ കൈവരികൾ നന്നാക്കുവാനോ അധികൃതർ തയ്യാറായിട്ടില്ല. ആട്ടവിശേഷ പൂജകൾക്കായും മറ്റും സന്നിധാനത്തെത്തിയ നിരവധി തീർത്ഥാടകർക്ക് ഇതിനോടകം തന്നെ തുരുമ്പെടുത്ത കൈവരികളിൽ നിന്നും മുറിവേൽക്കുകയും ചെയ്തിരുന്നു.
വില ഏകീകരണം നടപ്പാക്കാത്തതിനാൽ ഹോട്ടലുകാർ തീർത്ഥാടകരെ പരമാവധി ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഹോട്ടലുകളിൽ ആവശ്യമായ പരിശോധനയൊന്നും കൂടാതെയാണ് ഭക്ഷണപദാർത്തങ്ങൾ വിൽപ്പന നടത്തുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾ കാര്യമായി നടക്കാത്തതിനാൽ പമ്പയുടെ പരിസരവും നടപ്പാതകളും കടുത്ത മാലിന്യക്കൂമ്പാരത്തിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അവിടിവിടെയായി കൂട്ടിയിട്ടിരിക്കുന്നതല്ലാതെ ഇവ നീക്കംചെയ്യാനുള്ള നടപടികളൊന്നും ഈ വൈകിയ വേളയിലും അധികൃതർ സ്വീകരിച്ചിട്ടില്ല. അന്യസംസ്ഥാനത്തുനിന്നുള്ള തീർത്ഥാടകർ എത്തിത്തുടങ്ങിയിട്ടും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾപോലും ചെയ്തുകൊടുക്കാത്തത് തീർത്ഥാടകരോട് സർക്കാർ കാട്ടുന്ന കടുത്ത അവഹേളനമാണ്.