ശ്രീനഗര്‍: കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് ഗവര്‍ണര്‍. സര്‍ക്കാര്‍ രൂപീകരണത്തില്‍ പിഡിപി തീരുമാനം അനിശ്ചിതമായി വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തോടെയാണ് കശ്മീരില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയും പിഡിപിയും ചേര്‍ന്നായിരുന്നു സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തോടെ മകള്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാകുമെന്ന് പിഡിപി നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മെഹബൂബ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയുമായി സഖ്യം തുടരുമെന്ന് നേരത്തെ പിഡിപി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിഡിപിയുടെ അന്തിമ തീരുമാനം വൈകുകയാണ്.
ഇന്നലെ പാര്‍ട്ടി കോര്‍ ഗ്രൂപ്പ് നേതാക്കള്‍ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. പിഡിപി മുന്നോട്ടുവെയ്ക്കുന്ന ആശയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ആരും ഇല്ലെങ്കിലും താന്‍ ഒറ്റയ്ക്ക് അതിനായി നിലകൊള്ളുമെന്നുമായിരുന്നു മെഹബൂബ മുഫ്തിയുടെ നിലപാട്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് പോലും പിഡിപി ഇതുവരെ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇക്കാര്യത്തില്‍ അനിശ്ചിതാവസ്ഥ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും പരസ്യമായി രംഗത്തെത്തിയിരുന്നു. മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണശേഷം ഗവര്‍ണര്‍ ഭരണത്തിലാണ് കശ്മീര്‍.