ന്യൂഡല്‍ഹി: ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ ജയിലില്‍ കഴിയേണ്ടി വരുന്ന നിര്‍ധനരായ തടവുകാരെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പണമില്ലെന്ന
കാരണത്താല്‍ മാത്രം ജയിലിലടയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂറും ആര്.കെ. അഗര്‍വാളും അടങ്ങുന്ന രണ്ടംഗ ബെഞ്ച്
വ്യക്തമാക്കി. തടവുകാരോടുള്ള പെരുമാറ്റം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കവേയാണ് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം
നല്‍കിയത്.
ജയില്‍പുള്ളികളും എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണ്. അവരും അഭിമാനമുള്ളവരാണെന്നും മാന്യമായ പെരുമാറ്റങ്ങള്‍ അവര്‍
അര്‍ഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 2013 ഡിസംബര്‍ 31-ലെ കണക്കു പ്രകാരം രാജ്യത്തെ ജയില്പുള്ളികളില് 67.6 ശതമാനവും വിചാരണതടവുകാരാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തടവുകാരെ വിട്ടയക്കാമെന്ന് ഇന്ത്യന്‍ ക്രിമിനല്‍ കുറ്റകൃത്യനിയമത്തില്‍ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ദരിദ്രരായ കുറ്റവാളികള്‍ക്കു സൗജന്യ നിയമസഹായം നല്കുന്നതിനു കഴിവുള്ള അഭിഭാഷകരെ നല്‍കണമെന്ന് സംസ്ഥാന നിയമ സഹായ അഥോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയത്തടവുകാര്‍ അവരുടെ മൊത്തം തടവുകാലയളവിന്റെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.