തൃശൂര്‍: പ്രശസ്ത സംഗീത സംവിധായകന് ജോണ്‍സണ്‍ന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്സന് ഇന്ന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ചെന്നൈയില്‍ നിന്ന് തൃശൂരിലെത്തിച്ച മൃതദേഹം തറവാട് വീടായ ചേലക്കോട്ടുകര തട്ടിൽ വീട്ടിൽ ഇന്നു രാവിലെ 10 മുതൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ടരയോടെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടക്കും.
ശനിയാഴ്ച 11.30 നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. അതിനുശേഷമാണ് ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ അനുമതി ലഭിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈയിലെ ഫ്ലാറ്റിലാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെന്നൈയില്‍ ഷാനിനെ കാണാന്‍ അമ്മ റാണിയെത്തിയപ്പോള് കണ്ടുനിന്നവരുടെ കണ്ണുകളും ഈറനായി. 2011 ഓഗസ്റ്റിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്സണ് വിടപറഞ്ഞത്. തൊട്ടടുത്ത വര്‍ഷം മകന് റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.