ബ്രിട്ടന്റെ പാദസേവകരാകുന്നു – സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും ഭാഗം – 04

Published by
Janam Web Desk

അതേ സമയം കോൺഗ്രസിനെ അടിച്ചമർത്തുന്ന ബ്രിട്ടീഷ് നയം കൂടുതൽ ശക്തമായി . ജനകീയ യുദ്ധത്തിന് നിരുപാധിക പിന്തുണ നൽകിയ കമ്യൂണിസ്റ്റുകളോട് ബ്രിട്ടനുള്ള സ്നേഹം വർദ്ധിക്കുകയും ചെയ്തു . മാത്രമല്ല ബ്രിട്ടീഷ് സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ച് പ്രവർത്തിക്കാനുമാരംഭിച്ചു .

ഈ രഹസ്യബാന്ധവത്തിനുള്ള തീരുമാനം പാർട്ടിയെടുത്തത് `1941 നവംബറിലാണ് . ബ്രിട്ടീഷ് സർക്കാരിന്റെ യുദ്ധശ്രമങ്ങൾക്ക് നിരുപാധിക പിന്തുണ നൽകാൻ തയ്യാറാണെന്ന് കാണിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദൂതൻ , വൈസ്രോയി കൗൺസിലിലെ ആഭ്യന്തര കാര്യങ്ങളുടെ ചുമതലയുള്ള സർ റജിനാൾഡ് മാക്സ് വെല്ലിനെ സമീപിച്ചു. തടവിൽ കഴിയുന്ന മുഴുവൻ കമ്യൂണിസ്റ്റ് കാരേയും വിട്ടയക്കണമെന്ന് അപേക്ഷിച്ചു .

യുദ്ധശ്രമങ്ങളോടുള്ള കാഴ്ചപ്പാട് മാറിയെന്നും ഇപ്പോൾ നടക്കുന്ന യുദ്ധം ജനകീയ യുദ്ധമാണെന്ന് തിരിച്ചറിഞ്ഞെന്നും യുദ്ധത്തെ സഹായിക്കണമെങ്കിൽ ജയിലിൽ നിന്ന് പുറത്ത് വരണമെന്നും എഴുതിക്കൊടുത്തത് അനുസരിച്ച് കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം സർക്കാർ വിട്ടയച്ചു . സുനിൽ മുഖർജി , രാഹുൽ സംകൃത്യായൻ , എസ് വി ഘാട്ടെ , എസ് എ ഡാങ്കെ , ബി ടി രണദിവേ , ഡി എൻ മജുംദാർ തുടങ്ങിയ നേതാക്കൾ മോചിതരായി .

കമ്യൂണിസ്റ്റ് നയവും പ്രവർത്തന പദ്ധതിയും പ്രതിപാദിക്കുന്ന രേഖയാണ് അടുത്തതായി പാർട്ടി ബ്രിട്ടന് കൈമാറിയത് . ഈ രേഖ ബ്രിട്ടീഷ് സർക്കാരിന് നൽകാൻ വൈസ്രോയി സമിതിയിലെ ഹിന്ദു മഹാസഭ അംഗമായ എം എസ് ആണെ ഉൾപ്പെടെയുള്ളവർ സഹായിച്ചിട്ടുണ്ട് .

ബ്രിട്ടൻ പങ്കെടുത്തുകൊണ്ടിരിക്കുന്ന യുദ്ധം ജനകീയ യുദ്ധമായി തങ്ങൾ കാണുന്നുവെന്നും ഇതിൽ സർക്കാരിനെ സഹായിക്കാൻ ജയിലിനകത്തും പുറത്തുമുള്ള സഖാക്കൾ ഉൽക്കടമായ അഭിലാഷം കൊണ്ട് ജ്വലിക്കുകയാണെന്നും ഇത് സാദ്ധ്യമാക്കാൻ എല്ലാ കമ്യൂണിസ്റ്റ് തടവുകാരേയും നിരുപാധികം വിട്ടയയ്‌ക്കണമെന്നും രഹസ്യ രേഖയിൽ പാർട്ടി അറിയിച്ചു .

പുതിയ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കാൻ അനുവദിക്കണമെന്നും നിലവിൽ നിരോധിക്കപ്പെട്ടവ പുനസ്ഥാപിക്കണമെന്നും പാർട്ടി ബ്രിട്ടനോട് അപേക്ഷിച്ചു . അങ്ങനെ ചെയ്യുന്ന പക്ഷം സർക്കാരിന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്‌ക്കാൻ വ്യാപകമായ പ്രചാരണം അഴിച്ചു വിടാമെന്ന് അവർ സർക്കാരിന് ഉറപ്പ് നൽകി .

അതിന് തയ്യാറാക്കി നൽകിയ കർമ്മ പദ്ധതിയാകട്ടെ അവിശ്വസനീയമാം വിധം രാജ്യവിരുദ്ധവും സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുക്കുന്നതുമായിരുന്നു

രാജ്യമെങ്ങും ഫാസിസ്റ്റ്യ് വിരുദ്ധറാലികൾ സംഘടിപ്പിക്കുന്നതിനും ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്‌ക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ജയിൽ വിമോചിതരായ നേതാക്കളെ എല്ലായിടത്തും അയയ്‌ക്കും. രണ്ടാം ഘട്ടത്തിൽ പൊരുതുന്ന സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനും തയ്യാറാണെന്ന് പാർട്ടി വാക്കു നൽകി .മാത്രമല്ല ചാവേറ്റു പടകൾ രൂപീകരിച്ച് ഗറില്ലാ യുദ്ധത്തിന് സ്വന്തം സഖാക്കളേയും വിദ്യാർത്ഥികളേയും കർഷകരേയും തയ്യാറാക്കുമെന്നും അറിയിച്ചു . എന്തിനേറെ പട്ടാളക്കാർക്ക് വിനോദത്തിനായി വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സംഗീത നൃത്ത പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറാണെന്നു പോലും എഴുതി നൽകാൻ പാർട്ടി മടിച്ചില്ല .

യുദ്ധത്തിൽ രക്തം ചിന്താൻ മാത്രമല്ല ആവശ്യമായ മേഖലകളിൽ ഉത്പാദനം തടസ്സപ്പെടാതെ നോക്കാനും തങ്ങൾ തയ്യാറാണെന്ന് രഹസ്യ രേഖയിൽ പാർട്ടി അറിയിച്ചു . ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ പാർട്ടിയുടെ സമുന്നത നേതാക്കളായ പി സി ജോഷി , പി സുന്ദരയ്യ , ഈ എം എസ് തുടങ്ങിയവർക്കെതിരേയുള്ള വാറന്റുകളും മറ്റ് ഉത്തരവുകളും പിൻ വലിക്കണമെന്നും പാർട്ടി രഹസ്യ രേഖയിൽ ആവശ്യപ്പെട്ടു . 1942 ഏപ്രിൽ 23 ന് നൽകിയ രഹസ്യ രേഖയ്‌ക്കനുസരിച്ച് ഏപ്രിൽ 30 ന് പി സി ജോഷിക്കെതിരെയുള്ള എല്ലാ അറസ്റ്റ് വാറന്റുകളും ബ്രിട്ടീഷ് സർക്കാർ പിൻ വലിച്ചു .

കമ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനാപരമായ നിലപാടുകൾ അണിയറയിൽ തയ്യാറാകുന്നതിനിടെയായിരുന്നു 1942 മാർച്ച് 11 ന് സർ സ്റ്റാഫോർഡ് ക്രിപ്സിന്റെ കീഴിൽ ഒരു ദൗത്യ സംഘത്തെ ബ്രിട്ടൻ ഭാരതത്തിലേക്കയച്ചത് . രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ പിന്തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം . എന്നാൽ അനിശ്ചിതത്വം നിറഞ്ഞ വാഗ്ദാനങ്ങളിൽ വീഴാൻ കോൺഗ്രസ് തയ്യാറല്ലായിരുന്നു . ക്രിപ്സിന്റെ നിർദ്ദേശങ്ങൾ ഏപ്രിൽ 10 , 12 തീയതികളിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി തള്ളിക്കളഞ്ഞു. തുടർന്ന് ജൂലൈ 6 മുതൽ 14 വരെ വാർദ്ധയിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പിറവിയെടുത്തു . ആഗസ്റ്റ് 8 ന് എ ഐ സി സി ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി ..

അതേ സമയം കമ്യൂണിസ്റ്റ്കാർക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറന്റുകളും 1942 ഏപ്രിലിൽ സർക്കാർ റദ്ദാക്കി . പാർട്ടിക്കും പാർട്ടി പ്രസിദ്ധീകരണങ്ങൾക്കും ഏർപ്പെടുത്തിയ നിരോധനം പിൻ വലിച്ചു . തടവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാക്കളെ വിട്ടയച്ചു . 1942 ജൂലൈ 22 ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം സർക്കാർ നീക്കിയപ്പോൾ അതേ വർഷം ജൂലൈ 24 ന് കയ്യൂർ സമരത്തിന്റെ വിധി വന്നു . സാമ്രാജ്യത്വ യുദ്ധം ജനകീയ യുദ്ധമായി മാറിയപ്പോൾ , കയ്യൂർ സഖാക്കൾക്ക് പക്ഷേ കോടതി വിധിച്ചത് കഴുമരമാണ് . സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം നടത്തി ജയിലിലായ അവർ സത്യത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു

Share
Leave a Comment