പാലക്കാട്: സിപിഎം മുന്‍ എംപിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കയറി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ മര്‍ദ്ദിച്ചത് വിവാദമാകുന്നു. എംപിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
ഇന്നലെയായിരുന്നു സംഭവം. പാലക്കാട് വിക്ടോറിയ കോളജില്‍ എബിവിപി, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ട് മണിയോടെ ജില്ലാ ആശുപത്രിയിലെത്തിയ മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസും ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ഥികളെ കിടത്തിയിരുന്ന കാഷ്വാലിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാവരും ഒരുമിച്ച് അകത്ത് കടന്നാല്‍ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പ്രശാന്ത് ഇവരെ തടഞ്ഞു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
താന്‍ മുന്‍ എംപിയാണെന്ന് ആക്രോശിച്ചുകൊണ്ട് എന്‍.എന്‍ കൃഷ്ണദാസ് പ്രശാന്തിനെ അക്രമിക്കുകയായിരുന്നു. നേതാവ് തല്ലിന് മുന്‍കൈയ്യെടുത്തതോടെ ഒപ്പമുണ്ടായിരുന്നവരും ഒപ്പം കൂടി. പ്രശാന്ത് താഴെ വീണിട്ടും ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയില്ല. കൈയ്ക്കും കഴുത്തെല്ലിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ പ്രശാന്ത് ഇപ്പോള്‍ ഐസിയുവിലാണ്. രാവിലെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആശുപത്രി അധികൃതരുടെ പരാതി പരിഗണിച്ച് സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.