ശ്രീനഗര്‍: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ഒന്‍പത് സൈനികരുടെയും മൃതദേഹങ്ങള്‍ ലേയില്‍ എത്തിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ ലേയിലെ സൈനിക താവളത്തിലേക്ക് മാറ്റിയത്. ഇവിടെ നിന്നും ഡല്‍ഹിയിലെത്തിച്ച ശേഷം സൈനികരുടെ സ്വദേശങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും.
സൈനികരുടെ മൃതദേഹങ്ങള്‍ ഫെബ്രുവരി ഒന്‍പതിന് തന്നെ കണ്ടെത്തിയിരുന്നെങ്കിലും മഞ്ഞ് വീഴ്ച കാരണം ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സിയാച്ചിനിലെ 19, 000 അടി ഉയരെയുള്ള കാസിരംഗ സൈനിക താവളത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ സിയാച്ചിന്‍ ബ്രിഗേഡിന്റെ ആസ്ഥാനമായ ലേയിലെ പര്‍താപൂരിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ മൃതദേഹങ്ങള്‍ എംബാം ചെയ്ത ശേഷം ഔദ്യോഗിക ബഹുമതികള്‍ നല്കി വായുസേനയുടെ പ്രത്യേക വിമാനത്തിലാകും ഡല്‍ഹിയിലേക്ക് കൊണ്ടുപോകുക.
ഫെബ്രുവരി മൂന്നിനാണ് കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് അടക്കമുള്ള പത്ത് സൈനികര്‍ സിയാച്ചിനില്‍ ഹിമപാതത്തില്‍ അകപ്പെട്ടത്. സൈനിക പോസ്റ്റില്‍ പതിച്ച മഞ്ഞ്കട്ടകള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു ഹിമപാതം. അപകടത്തില്‍ പെട്ട കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹനുമന്തപ്പയെ ആറ് ദിവസങ്ങള്‍ക്ക് ശേഷം അവശനിലയില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹവും മരണത്തിന് കീഴടങ്ങിയിരുന്നു. ഇന്നലെയായിരുന്നു ഹനുമന്തപ്പയുടെ സംസ്കാരം.