കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പി.ജയരാജനെ ഇന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കും. അതേസമയം, ജയരാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജയരാജനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സി.ബി.ഐക്ക് മൊഴി നല്കി. ജയരാജനെ ചോദ്യം ചെയ്യാന്‍ പറ്റുമോ എന്ന് തീരുമാനിക്കേണ്ടത് സി.ബി.ഐ നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡാണെന്ന് ഹൃദ്രോഗവിഭാഗം മേധാവി പറഞ്ഞു.
റിമാന്‍ഡ് പ്രതിയെ അടിയന്തിര ഘട്ടത്തില്‍ 24 മണിക്കൂര്‍ മാത്രം സ്വകാര്യ ആശുപത്രിയില്‍ കഴിയാന്‍ അനുവദിക്കാമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് നിയമം. ഇനിയും ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയാന്‍ അനുവദിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന ബോധ്യം ജയില്‍ അധികൃതര്‍ക്കുണ്ട്. അതേസമയം, പി.ജയരാജനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സി.ബി.ഐ സംഘം ഇന്ന് രാവിലെ ചോദ്യം ചെയ്തു. പരിയാരം സഹകരണ ഹൃദയാലയം മേധാവി ഡോ. അഷ്റഫിന്റെ മൊഴി രേഖപ്പെടുത്തി. പ്രധാന ചികിത്സാ രേഖകളെല്ലാം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് ഡോ. അഷ്റഫ് പറഞ്ഞു.
സി.ബി.ഐ നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് ജയരാജനെ പരിശോധിപ്പിക്കാവുന്നതാണെന്ന് പരിയാരത്തെ ഡോക്ടര്‍മാര്‍ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ജയരാജന് നിലവില്‍ കാര്യമായ അസുഖമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കിയ വിവരം.