കൊൽക്കത്ത: ജെഎൻയുവിന് പിന്നാലെ പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവ്വകലാശാലയിലും ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങി. എഐഎസ്എഫ് നേതാവ് കനയ്യകുമാറിനെ അറസ്റ്റിനെതിരേ ഇടത് വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് അഫ്സൽഗുരുവിനെയും എസ്.എ.ആർ. ഗിലാനിയെയും പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചത്.
അഫ്സൽഗുരുവിനെയും എസ്.എ.ആർ. ഗിലാനിയെയും അനുകൂലിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാർ കശ്മീരും മണിപ്പൂരും ഭാരതത്തിൽ നിന്ന് മോചനം ആവശ്യപ്പെടുന്നതായി പ്രഖ്യാപിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജാവദ്പൂർ സർവ്വകലാശാലയിൽ നിന്ന് ഗോൾ പാർക്കിലേക്ക് നടന്ന പ്രകടനത്തിൽ വിവിധ ഇടത് വിദ്യാർഥി സംഘടനാ പ്രവർത്തകരാണ് പങ്കെടുത്തത്.
ജെഎൻയുവിൽ ഇടതുവിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമാനമായിരുന്നു ജാവദ്പൂർ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധ പ്രകടനം. ജെഎൻയുവിൽ നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് എഐഎസ്എഫ് നേതാവ് കനയ്യകുമാറിനെ പൊലീസ് അറസ്‍റ്‍റ് ചെയ്തത്.
പാർലമെന്‍റ് ആക്രമണ കേസിൽ ആരോപണ വിധേയനായും ജെഎൻയു സർവകലാശാലയിലെ മുൻ അധ്യാപകനുമായ എസ്.എ.ആർ. ഗിലാനിയെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്‍റ് ചെയ്‍തിതിരുന്നു. ഈ മാസം 10ന് ഡൽഹി പ്രസ് ക്ലബിൽ നടന്ന പൊതു പരിപാടിക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് ഗിലാനിയെ അറസ്റ്‍റ് ചെയ്തത്.