ന്യൂഡല്‍ഹി: പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുര്‍ജന്‍വാല ഭീകരവിരുദ്ധ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരുടെയും പേരെടുത്ത് എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സുരക്ഷാ ഏജന്‍സിയും നല്കിയ വിവരങ്ങള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.
പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുളളവരാണെന്നും ആക്രമണത്തിന് മുന്‍പ് ഇവര്‍ പാകിസ്ഥാനിലെ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടിരുന്നതായുമുളള ഇന്ത്യയുടെ കണ്ടെത്തലും ഇവര്‍ ബന്ധപ്പെട്ട നമ്പറുകളും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്പില് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും എഫ്ഐആറില്‍ പറയുന്നു.
ഇന്ത്യ നല്കിയ ആദ്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബ് നിയമമന്ത്രി റാണ സനാവുളള പറഞ്ഞു. പാകിസ്ഥാന് ശിക്ഷാ നിയമത്തിലെ 302,324,109 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തീവ്രവാദ വിരുദ്ധ നിയമത്തിലെ 7, 21-1 വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി രണ്ടിനാണ് പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേര്‍ക്ക് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മൂന്ന് ദിവസം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്. മലയാളിയായ ലഫ്. കേണല്‍ നിരഞ്ജന് ഉള്‍പ്പെടെയുള്ള സൈനികര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചിരുന്നു.