കോഴിക്കോട്: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ജയരാജന്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിയമനടപടിയില്‍ നിന്ന് രക്ഷപെടാനാണ് ജയരാജന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന വാദം ശരിവെക്കുന്നതാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുളളത്. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കേണ്ടതിനാല്‍ സിബിഐയുടെ അപേക്ഷ ഇന്നലെ കോടതി ഈ മാസം 23 ലേക്ക് മാറ്റിവെച്ചിരുന്നു. ഹൃദ്രോഗവിദഗ്ധര്‍, ഇഎന്‍ടി, ന്യൂറോ, ജനറല്‍ മെഡിസിന്‍, ഫിസിക്കല്‍ മെഡിസിന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഏഴ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ജയരാജനെ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
ജയരാജന് തുടര്‍ച്ചയായി നെഞ്ചുവേദന വരുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ ഇസിജി പരിശോധനയില്‍ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഹൃദയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രത്യേക രാസഘടകങ്ങളെ ഹൃദയത്തിലേക്കുതന്നെ തിരികെ കടത്തിവിട്ടുള്ള പരീക്ഷണത്തിലും നേരിയ തോതിലുള്ള വ്യത്യാസം പോലും കണ്ടെത്താനായിട്ടില്ല.
തുടര്‍ച്ചയായ പരിശോധനയിലോ നിരീക്ഷണത്തിലോ ഗുരുതരമായി പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അസാധാരണമോ അപകടകരമായതോ ആയ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സിബിഐയുടെ അപേക്ഷയില്‍ കോടതി അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം. മനോജ് വധഗൂഢാലോചനക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു വാദം.
എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് അദ്ദേഹം തലശേരി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന ജയില്‍ ഡോക്ടറുടെയും ജില്ലാ ആശുപത്രി ഡോക്ടറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടാന്‍ ജയില്‍ സൂപ്രണ്ട് അനുവദിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ കണ്ടെത്തിയതിനെക്കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്.
Leave a Comment